തൊടുപുഴയില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി
തൊടുപുഴ: എല്‍ ഡി എഫ് തരംഗത്തിലും തൊടുപുഴ മണ്ഡലത്തില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടി സംബന്ധിച്ച് സി പി എം നേതൃത്വം അന്വേഷണത്തിന് ഒരുങ്ങുന്നു. മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റംഗം, മൂന്ന് ഏരിയാ സെക്രട്ടറിമാര്‍, ജില്ലാ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരെയാകെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത് സ്ഥാനാര്‍ഥി റോയി വാരികാട്ടിനുണ്ടായ കനത്ത പരാജയം.
എല്‍.ഡി.എഫില്‍ നിന്നുണ്ടായ വന്‍ വോട്ട് ചോര്‍ച്ച ഗൗരവത്തിലെടുത്ത് സി.പി.എം ജില്ലാ നേതൃത്വം അന്വേഷണത്തിന് ഒരുങ്ങുകയാണ്.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരിക്കേ 1957 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് ഏറ്റവും കുറവ് വോട്ടു വിഹിതമുണ്ടായ തെരഞ്ഞെടുപ്പായിരുന്നു ഇത്. കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രനായി മത്സരിച്ച ജോസഫ് അഗസ്റ്റിന്‍ നേടിയ 43457 വോട്ടുകള്‍ നിലനിര്‍ത്താന്‍ പോലും ഇടതു തരംഗം ആഞ്ഞടിച്ച ഇത്തവണ കഴിഞ്ഞില്ല. കഴിഞ്ഞ തവണ പി.ജെ. ജോസഫിന് 66325 വോട്ടായിരുന്നു നേടാന്‍ കഴിഞ്ഞതെങ്കില്‍ ഇക്കുറിയത് 76564 ആയി കുത്തനെ ഉയര്‍ന്നു. ബി.ജെ.പി 10049 വോട്ടുകള്‍ കഴിഞ്ഞ തവണ നേടിയത് ഇത്തവണ 28845 വോട്ടായി എന്‍.ഡി.എ മുന്നണി വര്‍ധിപ്പിച്ചു. രണ്ടു തവണയും പോളിങ് ശതമാനം 71 ശതമാനമായിരുന്നു.
വോട്ട് ചോര്‍ച്ച വഴികള്‍ കണ്ടത്തൊന്‍ ബൂത്തുതലം മുതല്‍ പഠനം നടത്തുമെന്നാണ് സൂചന. പാര്‍ട്ടി ഘടകങ്ങളുടെ അനാസ്ഥയും അന്വേഷിക്കും. എല്‍.ഡി.എഫിന് തൊടുപുഴയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 12,480 വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത്. 4,591 യുവ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 13,079 പേര്‍ കൂടുതലായി ഇക്കുറി കൂടുതലായി വോട്ട് ചെയ്തിരുന്നു. എന്നിട്ടും എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞത് ചര്‍ച്ചയായിട്ടുണ്ട്. സി.പി.എം ജില്ലാ നേതൃത്വത്തിന് വലിയ നാണക്കേടാണ് ഇതുണ്ടാക്കിയിരിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചയാണ് ഇത്തവണ തൊടുപുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് പിന്നിലാകാന്‍ കാരണമെന്ന് വിമര്‍ശം സി.പി.എമ്മിനുള്ളില്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. റോയി വാരികാട്ടിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ അന്നുതന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അത് അവഗണിച്ച് പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."