നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കിഡ്‌നി രോഗികളുടെ ഡയാലിസിസ് മുടങ്ങുന്നു
നിലമ്പൂര്‍: ആവശ്യത്തിന് ഡയാലിസ് മെഷിനുകള്‍ ഇല്ലാത്തതിനാല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അടക്കം കിഡ്‌നി രോഗികളുടെ ഡയാലിസിസ് മുടങ്ങുന്നത് പതിവാകുന്നു. നാല് വര്‍ഷം മുന്‍പ് താലൂക്കിലെ പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് വേണ്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ഡയാലിസിസ് നടത്തുന്നതിന് വേണ്ടി രൂപീകരിച്ച സ്പര്‍ശം എന്ന സംഘടനയും രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
എന്നാല്‍ 75 ലക്ഷം രൂപ ചെലവില്‍ ഡയാലിസിസ് നടത്താനാവശ്യമായ ഭൗതിക സൗകര്യങ്ങളും മെഷിനുകളും ഒരുക്കിയിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് മൂലം ഇവിടെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും യഥാസമയം ഡയാലിസിസ് നല്‍കാനാവാത്ത അവസ്ഥയാണ്. നിലവില്‍ ഒമ്പത് മെഷിനുകളാണ് ഡയാലിസിസ് സെന്ററിലുള്ളത്.
അമരമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതി ഇതിലേക്ക് 29 ലക്ഷം സംഭാവനയായി നല്‍കി. കൂടാതെ നിരവധി സുമനസ്സുകള്‍ പദ്ധതിയെ കൈയ്യയച്ചു സഹായിച്ചു. കുറഞ്ഞത് എട്ട് മെഷിനുകള്‍ കൂടിയെങ്കിലും സ്ഥാപിച്ചാല്‍ മാത്രമേ ഇന്നത്തെ അവസ്ഥക്ക് മാറ്റം വരൂ. വിപുലമായ വിഭവസമാഹരണത്തിന് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നു തീരുമാനങ്ങള്‍ കൈകൊണ്ടു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ.ടി. ജെയിംസ്, ഇസ്മായില്‍ മൂത്തേടം, ടി.പി. അഷ്‌റഫലി, ആലിപ്പറ്റ ജമീല, നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയ, ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ മാത്യു, പി.വി. ഹംസ, എ. ഗോപിനാഥ്, എം. കുഞ്ഞിമുഹമ്മദ്, എന്‍. മജീദ്, കെ.എം. ബഷീര്‍, വിനോദ് പി. മേനോന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."