പ്രവാചക ജീവിതമാണ് മീലാദുന്നബി: കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി
കൊല്ലം: ലോകം വലതുപക്ഷ തീവ്രതയിലേയ്ക്ക് ചായുന്ന പ്രവണതകള്‍ ശക്തിപ്പെട്ടുവരുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ മീലാദുന്നബിയുടെ സന്തോഷം നാം ആഘോഷിക്കുന്നതെന്ന് കേരളാ ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാചകനോടുള്ള സ്‌നേഹപ്രകടനം സാര്‍ഥകമാവുന്നത് നബി ദര്‍ശനത്തെ സ്വജീവിതത്തില്‍ ഉള്‍ക്കൊള്ളുമ്പോഴും അത് മാനവരാശിക്ക് മാതൃകയായി അവതരിപ്പിക്കാനാവുമ്പോഴുമാണ്. സ്‌നേഹം, കാരുണ്യം, സാഹോദര്യം തുടങ്ങിയ മഹിത ഗുണങ്ങളുടെ സമ്മേളനമായിരുന്ന നബിയെ പിന്തുടരുന്ന ഓരോ വിശ്വാസിയും ഈ സ്വഭാവ സവിശേഷതകള്‍ ജീവിതത്തില്‍ പ്രകടമാകുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. പ്രവാചകന്‍ പഠിപ്പിച്ച ജീവിതം ഓരോ വിശ്വാസിയും പിന്തുടരാന്‍ ബാധ്യസ്ഥരായിരിക്കെ ഏകീകൃത സിവില്‍കോഡിന്റെയും മറ്റും പേര് പറഞ്ഞ് അതിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരോ മുതിരരുത്. ഒരുവിഭാഗത്തിന്റെയും വിശ്വാസകാര്യങ്ങളില്‍ അന്യായമായി ഇടപെടാതിരിക്കുകയെന്നതാണ് ഒരു സംസ്‌കൃത സമൂഹത്തിന്റെ ബാധ്യത. അതിനാല്‍ ഇത്തവണത്തെ മീലാദിന് വിപുലവും വിശാലവുമായ അര്‍ത്ഥതലങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നബിദിന റാലികളും സമ്മേളനങ്ങളും 12ന് എല്ലാതാലൂക്കുകളിലും ജമാഅത്ത് ഫെഡറേഷന്റെയും ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായുടെയും മറ്റ് പോഷക പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ കേരളം ഒട്ടുക്കും നടക്കുകയാണ്.
അതിന്റെ ഭാഗമായി കൊല്ലം കര്‍ബലയില്‍ ജമാഅത്ത് ഫെഡറേഷന്റെയും കര്‍ബലാ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്നേദിവസം വൈകിട്ട് 6.30 ന് ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനം നടക്കും. പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, എം നൗഷാദ് എം.എല്‍,എ, എംകെ മുകേഷ് എം.എല്‍.എ, കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു, മുന്‍ എം.എല്‍.എ എ.എ അസീസ്, കര്‍ബല ട്രസ്റ്റ് ചെയര്‍മാന്‍ ഷാനവാസ്ഖാന്‍, ഇ.ഷാനവാസ്, എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, റ്റി.കെ.എം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹാല്‍ ഹസന്‍ മുസ്‌ലിയാര്‍, അസീസിയാ മെഡിക്കല്‍കോളജ് ചെയര്‍മാന്‍ ഹാജി അബ്ദുല്‍അസീസ്, എം.എ സമദ്, എ.എ സമദ്, മണക്കാട് നുജ്മുദ്ദീന്‍, എ.കെ. ഉമര്‍ മൗലവി, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, ഇ.കെ സുലൈമാന്‍ ദാരിമി, ആസാദ് റഹീം, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, എ.കെ.ഹഫീസ്, എസ് നാസര്‍, കുഴിവേലില്‍ നാസറുദ്ദീന്‍, മേക്കോണ്‍ അബ്ദുല്‍ അസീസ്, തൊടിയില്‍ ലുക്മാന്‍, മാര്‍ക്ക് അബ്ദുള്‍സലാം എന്നിവര്‍ സംസാരിക്കും.
നബിദിനറാലി ആശ്രാമം ലിങ്ക്‌റോഡില്‍ നിന്ന് ആരംഭിച്ച്‌നഗരംചുറ്റി കര്‍ബലയില്‍ എത്തിച്ചേരും. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് സെക്രട്ടറി മണക്കാട് നുജുമുദ്ദീന്‍, എസ് നാസര്‍, തൊടിയില്‍ ലൂക്ക്മാന്‍, കണ്ണനല്ലൂര്‍ നിസാമുദ്ദീന്‍, കായിക്കാര നവാബ്, നിസാം കലദിക്കാട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."