മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ചരടുവലി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന അഡ്വ. ബിന്ദുകൃഷ്ണ കൊല്ലം ഡി.സി.സി പ്രസിഡന്റായി നിയമിതയായതോടെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു ചരടുവലി തുടങ്ങി. ഐ ഗ്രൂപ്പിലെ പ്രമുഖയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പത്മജാ വേണുഗോപാലാണ് ഈ സ്ഥാനത്തേക്കു പ്രധാനമായും നോട്ടമിടുന്നത്. മുന്‍ വൈസ് പ്രസിഡന്റായിരുന്ന എ ഗ്രൂപ്പിലെ ലതികാ സുഭാഷും രംഗത്തുണ്ട്. ലതികയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയോടെയാണു ലതിക കരുക്കള്‍ നീക്കുന്നത്.
കോട്ടയത്തെ ഡി.സി.സി അധ്യക്ഷ പാനലില്‍ ലതികാ സുഭാഷിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ജോഷി ഫിലിപ്പിനാണ് അധ്യക്ഷസ്ഥാനം ലഭിച്ചത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഉന്നത നേതാവില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനാല്‍ ലതികാ സുഭാഷ് ഡി.സി.സി അധ്യക്ഷസ്ഥാനത്തിനായി ശ്രമിച്ചില്ലെന്നും അറിയുന്നു. ഇതേസമയം തൃശൂര്‍ ഡി.സി.സി അധ്യക്ഷസ്ഥാനത്തേക്കു നോട്ടമിട്ടിരുന്ന പത്മജാ വേണുഗോപാല്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം മോഹിച്ചു തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് പാനലില്‍ നിന്നും മാറിനിന്നതായാണു വിവരം.
തൃശൂരില്‍ വി.എം. സുധീരന്റെ ഇഷ്ടക്കാരനായ ടി.എന്‍. പ്രതാപനെ ഡി.സി.സി അധ്യക്ഷനാക്കുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്ന ടി.എം.പ്രതാപനു നല്‍കിയ വാഗ്ദാനമാണു സുധീരന്‍ പാലിച്ചത്. അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പു വേളയില്‍ പത്മജ ഡി.സി.സി അധ്യക്ഷയാവുന്നതില്‍ ഹൈക്കമാന്‍ഡിനും താല്‍പര്യമുണ്ടായിരുന്നുവെന്നും അറിയുന്നു. എന്നാല്‍ വി.എം.സുധീരന്റെ ഫോര്‍മുലയില്‍ ടി.എം.പ്രതാപനു നറുക്കുവീഴുകയായിരുന്നു.
കെ.പി.സി.സി അധ്യക്ഷന്റെ ശുപാര്‍ശയില്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം പത്മജയ്ക്കു നല്‍കാന്‍ ഹൈക്കമാന്‍ഡ് തയാറാവുമെന്നാണു സൂചന. ഇതിനായി വി.എം.സുധീരന്‍ ശക്തമായി സമ്മര്‍ദം ചെലുത്തിയെന്നാണു വിവരം. എന്നാല്‍ എ ഗ്രൂപ്പിന്റെ ആവശ്യം മുറുകിയാല്‍ സ്വാഭാവികമായും തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. ഡി.സി.സി അധ്യക്ഷസ്ഥാനങ്ങളില്‍ അവഗണനയുണ്ടായെന്ന എ ഗ്രൂപ്പില്‍ ചിലരുടെ അമര്‍ഷം നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. തര്‍ക്കമുണ്ടായാല്‍ നിലവില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഇരുവരേയും മാറ്റിനിര്‍ത്തി മറ്റൊരാളെ കൊണ്ടുവരാനുള്ള സാധ്യതയും പരിഗണിക്കും. അങ്ങനെവന്നാല്‍ പാര്‍ട്ടിയില്‍ ഉന്നതപദവി അലങ്കരിക്കാത്ത ഒരാള്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ എത്താനാണു സാധ്യത.
വൈസ് പ്രസിഡന്റ് സലീന മോഹന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.അന്നമ്മ ജോര്‍ജ്, ആനി ആന്റണി, ചിന്നമ്മ ജോസ്, ലളിത രവീന്ദ്രനാഥ്, പി.ഡി.ശോശാമ്മ, കെ.പി.സി.സി വൈസ് പ്രസിഡന്റായ ലാലി വിന്‍സന്റ്, ജനറല്‍ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണന്‍, വല്‍സലാ പ്രസന്നകുമാര്‍ എന്നിവരില്‍ ഒരാള്‍ക്കു നറുക്കുവീഴാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."