ഡ്രൈവറുടെ ആത്മഹത്യാകുറിപ്പിലെ ആരോപണം; ജനാര്‍ദ്ദന റെഡ്ഡിയെ സഹായിച്ച ഉദ്യോഗസ്ഥന് അറസ്റ്റില്‍
ബംഗളൂരു: കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറസ്റ്റില്‍.
ബംഗളൂരുവിലെ സ്പെഷ്യല്‍ ലാന്‍ഡ് അക്വസിഷന്‍ ഓഫീസര്‍ ഭീമാ നായികും ഇയാളുടെ ഇപ്പോഴത്തെ ഡ്രൈവര്‍ മുഹമ്മദുമാണ് ഗുല്‍ബര്‍ഗയില്‍ അറസ്റ്റിലായത്. ഭീമാ നായികിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് നായിക്കിനെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് രമേഷ് ഗൗഡ ആത്മഹത്യ ചെയ്തത്. ഈ ഇടപാടിനെ കുറിച്ച് അറിയുന്നത് കൊണ്ട് തന്റെ ജീവന് അപകടത്തിലായെന്ന് അദ്ദേഹം ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു. മകളുടെ കല്യാണ ആവശ്യത്തിനായി റെഡ്ഡി 100 കോടി വെളുപ്പിച്ചെന്നും പണം വെളുപ്പിക്കാന്‍ സഹായിച്ച ഭീമാ നായിക്കിന് 20 ശതമാനം കമ്മീഷന് നല്‍കിയെന്നും ഗൗഡയുടെ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നു.
കര്‍ണാടകയിലെ മുന്‍ ബിഎസ് യെദ്യൂരപ്പ സര്‍ക്കാരിലെ മന്ത്രിയായിരുന്നു റെഡ്ഡി. ഖനി അഴിമതിക്കേസില്‍ അറസ്റ്റിലായപ്പോള്‍ 2011 ല്‍ സ്ഥാനം നഷ്ടമായി. 500 കോടി ചെലവിട്ട് റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹം കഴിഞ്ഞ മാസമാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."