സപ്ലൈക്കോ ഗോഡൗണ്‍ തുറക്കാത്തതില്‍ പ്രതിഷേധം ശക്തം
മാള: കുരുവിലശ്ശേരിയിലെ സിവില്‍ സപ്ലൈക്കോയുടെ ത്രിവേണി ഭക്ഷ്യ ശേഖരണകേന്ദ്രം തുറക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. എല്‍.ഡി.എഫ് വന്നാല്‍ ശരിയാകുമെന്ന് കരുതിയ കേന്ദ്രം തുറക്കുന്നതിനായി ഇടപെടല്‍ നടന്നില്ലെന്ന് പരക്കേ ആക്ഷേപമുണ്ട്. മാള മേഖലയില്‍ ഭക്ഷ്യവിതരണ ശൃംഖല മെച്ചപെടുത്തുന്നതിനാണ് കേന്ദ്രം ആരംഭിച്ചത്.
കഴിഞ്ഞവര്‍ഷമാണ് പ്രവര്‍ത്തനം നിലച്ച കേന്ദ്രം അടച്ചുപൂട്ടിയത്. തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം പലപ്പോഴും ഗോഡൗണ്‍ പ്രവര്‍ത്തനത്തെ താളം തെറ്റിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപെടുത്തുന്നു.പ്രദേശവാസികളായ യുവാക്കള്‍ക്ക് ഗോഡൗണില്‍ തൊഴില്‍ നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍ ഇതുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ സംഘടിതമായി സമരം ചെയ്തു. പലപ്പോഴുമിത് സംഘര്‍ഷത്തിന്റെ വക്കിലെത്തി.
പിന്നീട് ഇവരില്‍ ചിലര്‍ക്ക് തൊഴില്‍ നല്‍കി. എന്നാല്‍ യൂനിയന്‍ ചേരിതിരിവ് കാരണം കേന്ദ്രത്തിന് സുഗമമായി മുന്നോട്ട് പോവാനായില്ല. 17 തൊഴിലാളികളാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് വനിതാ തൊഴിലാളികളായി പത്തുപേരേയും നിയമിച്ചു. തൊഴിലാളികളുടെ തര്‍ക്കം കോടതി കയറിയതോടെ പൊലിസ് കാവലിലായി പ്രവര്‍ത്തനം. കോടതിയുടെ താല്‍ക്കാലിക വിധി ഒരു വിഭാഗത്തിനുകൂലമായി. ചിലവേറിയ പദ്ധതിയിലാണ് ഭക്ഷ്യവസ്തുക്കള്‍ ഇവിടേക്ക് എത്തിച്ചിരുന്നത് ലാഭകരമല്ലാത്തതിനാലാണെന്ന് പറയുന്നു. പിന്നീട് ഭക്ഷ്യ ലോറികള്‍ എത്താതായി. ജില്ലയിലെ പൂഞ്ഞാളിലുള്ള കേന്ദ്രത്തിലേക്ക് ഇവിടെ എത്തേണ്ട ചരക്കു വാഹനങ്ങള്‍ മാറ്റിയതായും ആരോപണമുണ്ട്.
മാള ബ്ലോക്ക് പഞ്ചായത്തിനു സമീപമാണ് ഗോഡൗണ്‍. പഞ്ചായത്ത് കെട്ടിടത്തില്‍ ത്രിവേണിയുടെ സൂപ്പര്‍ മാര്‍ക്കറ്റുണ്ട്.ഇതിന്റെ പ്രവര്‍ത്തനവും മന്ദീഭവിച്ചിട്ടുണ്ട്. വില്‍പന മാന്ദ്യം നേരിടുന്നതായാണ് സൂചന. അവശ്യവസ്തുക്കള്‍ പലതും ലഭ്യമല്ലന്ന് ഉപഭോക്താക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."