ത്രിദിന മനാമ ഡയലോഗ് സമാപിച്ചു; ഐ.എസിനെതിരേ പോരാട്ടം ശക്തമാക്കാന്‍ തീരുമാനം
മനാമ: ബഹ്‌റൈനില്‍ നടന്നുവന്ന 12-ാമതു ത്രിദിന മനാമ ഡയലോഗ് സമാപിച്ചു. ഐ.എസിനെതിരേ പോരാട്ടം ശക്തമാക്കുന്നതടക്കമുള്ള അറബ് മേഖലയുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകളാണു മൂന്നു ദിവസമായി നടന്ന മനാമാ ഡയലോഗില്‍ പ്രധാനമായും ചര്‍ച്ചയായത്.
സിറിയയില്‍ ഐ.എസിനെതിരേ പോരാടുന്ന കുര്‍ദിഷ്, അറബി സൈനികരെ സഹായിക്കാനായി 200 യു.എസ് സൈനികരെക്കൂടി അയയ്ക്കുമെന്നു കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ യോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ പിന്തുണയ്ക്കുന്ന റഷ്യ സിറിയയിലെ ആഭ്യന്തരയുദ്ധം ആളിക്കത്തിക്കാനാണു ശ്രമിച്ചതെന്നും സിറിയന്‍ ജനതയുടെ ദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും കാര്‍ട്ടര്‍ ആരോപിച്ചു.
ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ഇറാഖ് വൈസ് പ്രസിഡന്റ് അയാദ് അല്ലാവി, സി.ഐ.എ മുന്‍ ഡയരക്ടര്‍ ഡേവിഡ് പെട്രോയസ്, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, അമേരിക്കയിലെയും ബ്രിട്ടനിലെയും മുന്‍ സഊദി അംബാസഡറും കിങ് ഫൈസല്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് ബോര്‍ഡ് ചെയര്‍മാനുമായ തുര്‍ക്കി അല്‍ ഫൈസല്‍ അല്‍ സഊദ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്‍ എന്നിവര്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും സൈനിക മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ഡയലോഗില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."