നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ മെല്ലെപ്പോക്ക്; സ്‌കൂളിന് ലഭിച്ച ഫണ്ട് നഷ്ടപ്പെടാന്‍ സാധ്യത
പേരൂര്‍ക്കട: ഫണ്ട് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അനാസ്ഥ. ഫണ്ട് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
കുറവന്‍കോണത്തെ ശ്രീ പട്ടം താണുപിള്ള മെമ്മോറിയല്‍ (എസ്.പി.ടി.പി.എം) അപ്പര്‍പ്രൈമറി സ്‌കൂളിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്. 30 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
1904ലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അപ്പര്‍പ്രൈമറിയായി. 1994ലാണ് ഒരു പുതിയ കെട്ടിടം ആദ്യമായി നിര്‍മിക്കുന്നത്. കുട്ടികള്‍ കുറഞ്ഞതോടെ ഈ കെട്ടിടം കേരളസര്‍വ്വകലാശാലയ്ക്കു കീഴിലുള്ള യു.ഐ.ടി പ്രവര്‍ത്തിക്കുന്നതിനായി വിട്ടുനല്‍കേണ്ടിവന്നു. ഒരു ചെറിയ ഓഫിസ് റൂം, ഒരു സ്റ്റാഫ് റൂം, ഒരു ലാബ്, മൂന്നു ക്ലാസ് മുറികള്‍, ഒരു നഴ്‌സറി ക്ലാസ് റൂം... ഇത്രയുമാണ് സ്‌കൂളില്‍ ഇപ്പോഴുള്ളത്.
പ്രീപ്രൈമറി തലം മുതല്‍ യു.പി വിഭാഗം വരെ ക്ലാസുകളിലായി 55 കുട്ടികള്‍ പഠിക്കുന്നു. അധ്യാപകരായി എട്ടുപേര്‍ പ്രവര്‍ത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളില്‍ ഏറെ പിന്നോക്കാവസ്ഥയിലായ സ്‌കൂളിനു വേണ്ടി 2014ലാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്.
2015 ഒക്ടോബര്‍ മാസത്തില്‍ കെ. മുരളീധരന്‍ എം.എല്‍.എ ശിലാസ്ഥാപനകര്‍മവും നടത്തി. എന്നാല്‍ കാലമിത്രയായിട്ടും നിര്‍മാണപ്രര്‍നത്തനങ്ങളൊന്നും നടന്നില്ല. ഫണ്ടിന്റെ കാലാവധി മാസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എന്തുകൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ക്കു കഴിയുന്നില്ല. അതേസമയം ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാണ് പണി ആരംഭിക്കാത്തതിനു കാരണമെന്നു നിര്‍മ്മിതികേന്ദ്രം പ്രോജക്ട് മാനേജര്‍ ഭാസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."