രേഖകളില്ലാതെ 'അഭയാര്‍ഥികളായി' നാല് സെന്റ് കോളനിക്കാര്‍;
പൂതാടി: വീടുകള്‍ ഏതു സമയത്തും നിലം പൊത്താം, പുതുക്കിപ്പണിയാന്‍ പണവുമില്ല, വീടിരിക്കുന്ന സ്ഥലത്തിനാണെങ്കില്‍ രേഖകളുമില്ല, പ്രതിസന്ധിയുമായി കഴിയുകയാണ് പൂതാടി കൊവളയില്‍ നാലുസെന്റ് കോളനിയിലെ കുടുംബങ്ങള്‍. 1994ല്‍ എട്ട് കുടുംബങ്ങളാണ് ഇവിടെ കുടില്‍ കെട്ടിയത്. പിന്നീടത് നാല്‍പത്തിയൊന്ന് കുടുംബങ്ങളായി. നിലവില്‍ കോളനിയില്‍ ശേഷിക്കുന്നത് ഇരുപത്താറ് കുടുംബങ്ങളാണ്. ഇതില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് കൈവശാവകാശ രേഖ ലഭിച്ചത്. ഈ കുടുംബങ്ങള്‍ക്കാകട്ടെ പാതിയില്‍ പ്രവൃത്തി നിര്‍ത്തിയ ചോര്‍ന്നൊലിക്കുന്ന വീടുകളിലാണ് താമസിക്കുന്നത്.
ഇവരെ വിവിധ തരത്തില്‍ ചൂഷണം ചെയ്ത് ഫണ്ടുകള്‍ തട്ടിയെടുക്കുന്ന പ്രവണത വര്‍ധിക്കുന്നതല്ലാതെ കുറ്റക്കാര്‍ക്കെതിരേ ഒരു നടപടിയുമുണ്ടാവുന്നില്ല. സംവരണ വിഭാഗമായ പിന്നാക്കാവസ്ഥയിലുള്ള ഇവരെ കൈപിടിച്ചുയര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്നത് ഈ സമുദായത്തെ തകര്‍ക്കുകയാണെന്ന് അഖിലേന്ത്യാ ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറി എ.ഒ ഗോപാലന്‍ പറയുന്നു. ഈ കോളനിക്ക് സമീപത്തായുള്ള കോട്ടവയല്‍ കോളനിയിലെയും, ചെറുകുന്ന് കോളനിയിലെയും അവസ്ഥയും മറിച്ചല്ല. കോട്ടവയല്‍ കോളനിയില്‍ ശൗചാലയം പണിതത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണെന്നാരോപിച്ച് കോട്ടവയല്‍ കോളനിക്കാരെ സ്വകാര്യ വ്യക്തി കോടതി കയറ്റിയിരിക്കുകയാണ്. 35 സെന്റ് സ്ഥലമാണ് ചന്ദ്രപ്രഭ ഗൗഡര്‍ ഇവര്‍ക്കു നല്‍കിയത്. എന്നാലിപ്പോള്‍ അവരുടെ കൈവശം 17 സെന്റ് മാത്രമാണുള്ളത്. ശൗചാലയത്തിന്റെ പേര് പറഞ്ഞ് കള്ളക്കേസ് നല്‍കി ഭൂമി കൈവശ പെടുത്തുകയാണ് ചെയ്യുന്നതെന്ന് കോളനിക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."