ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഗ്രാമസഭയൊരുക്കി കാരശ്ശേരി ഗ്രാമപഞ്ചായത്ത്
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഗ്രാമസഭയൊരുക്കി. കേരളത്തിലെ മിക്ക തൊഴില്‍ മേഖലകളും ഇതര സംസ്ഥാന തൊഴിലാളികള്‍ കീഴടക്കിയെങ്കിലും ഇവരെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കില്ലാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഇത്തരമൊരു ഉദ്യമത്തിനു തയാറായത്. വരും ദിവസങ്ങളില്‍ വാര്‍ഡ്തലങ്ങളിലും ഗ്രാമസഭകള്‍ നടക്കും.
പഞ്ചായത്തിലെ 821 തൊഴിലാളികള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വിവിധ തൊഴിലാളി പ്രതിനിധികള്‍ അവതരിപ്പിച്ചു. ഇതോടനുബന്ധിച്ചു കലാപരിപാടികളും നടന്നു. വിവിധ ഭാഷകളില്‍ നടന്ന ആരോഗ്യ ബോധവല്‍ക്കരണം, മെഡിക്കല്‍ ചെക്കപ്പ്, രക്തഗ്രൂപ്പ് നിര്‍ണയം, എച്ച്.ഐ.വി രോഗ നിര്‍ണയം, തൊക്ക്‌രോഗ നിര്‍ണയം, കാഴ്ച പരിശോധന, മരുന്നുവിതരണം തുടങ്ങിയ സേവനങ്ങളും ഒരുക്കിയിരുന്നു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്മ്യൂനിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും പരിശോധനകള്‍ക്കു നേതൃതം നല്‍കി.
രാവിലെ ഒന്‍പതിന് ആരംഭിച്ച ക്യാംപ് വൈകിട്ട് അഞ്ചിനു സമാപിച്ചു. സംസ്ഥാന തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തൊഴിലാളികള്‍ക്കു ലഭിക്കുന്ന എല്ലാ നിയമപരമായ പരിരക്ഷകളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും തൊഴിലാളികളുടെ പൂര്‍ണ സുരക്ഷിതത്വമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് സ്വാഗതവും കില ഫാക്കല്‍റ്റി പി.വി രാമകൃഷ്ണന്‍ ആമുഖ പ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് വി.പി ജമീല, മുക്കം മുഹമ്മദ്, ടി. വിശ്വനാഥന്‍, ജോ. എക്‌സൈസ് കമ്മിഷനര്‍ പി. ജയരാജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സജിതോമസ്, അബ്ദുല്ല കുമാരനല്ലൂര്‍, ലിസി സ്‌കറിയ, ബ്ലോക്ക് മെമ്പര്‍ വി. ജയപ്രകാശ്, ഡോ. പി.കെ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.കെ.സി മുഹമ്മദ്, യു.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ.പി ഷാജി, കെ. മോഹനന്‍ മാസ്റ്റര്‍, കെ.സി മജീദ്, ബാലകൃഷ്ണന്‍ വെണ്ണക്കോട്, ജോയ് ജോസഫ് അലശകോടം, മുഹമ്മദ് സാലിഹ് കോടപ്പന, വി. മോയി, സി.ഇ സുരേഷ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."