എ.ഡി.ജി.പി ശ്രീലേഖക്കെതിരായ അന്വേഷണം വൈകിപ്പിച്ചു: ചീഫ് സെക്രട്ടറിക്ക് കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി ആര്‍.ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനം വൈകിപ്പിച്ചതില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ രൂക്ഷ വിമര്‍ശനം.
ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ശ്രീലേഖയ്‌ക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ലെന്ന് കോടതി പറഞ്ഞു. ഇത് ഉചിതമായില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഓഫിസിലെ രണ്ടു ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തെ തുടര്‍ന്നാണ് നടപടി വൈകിയതെന്ന് ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് എഴുതിയ കത്തില്‍ സൂചിപ്പിച്ചിരുന്നു.
കത്തില്‍ പറഞ്ഞിരിക്കുന്ന മറുപടി തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി.ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുമ്പോള്‍ അതിന്മേല്‍ അന്വേഷണം വേണ്ട എന്നു തീരുമാനിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശ്രീലേഖയ്‌ക്കെതിരേ നടപടി വേണമെന്ന ശുപാര്‍ശയില്‍ നടപടി എടുക്കുന്നതില്‍ ചീഫ് സെക്രട്ടറി നാലു മാസം വൈകിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നുമായിരുന്നു പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് കോടതയില്‍ ഹരജി നല്‍കിയത്. ശ്രീലേഖയ്‌ക്കെതിരേ അന്വേഷണ ശുപാര്‍ശ അടങ്ങിയ ഫയല്‍ കൈവശമിരിക്കുമ്പോഴാണ് ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവിയാക്കിയത്. കൃത്യമായ നടപടിക്രമങ്ങളും നിയമ വ്യവസ്ഥയും പാലിച്ചിരുന്നുവെങ്കില്‍ ശ്രീലേഖയെ ആ പദവിയില്‍ നിയമിക്കാന്‍ കഴിയുമായിരുന്നില്ല. ആയതിനാല്‍ ബോധപൂര്‍വം ചീഫ് സെക്രട്ടറി ഫയല്‍ പൂഴ്ത്തിയതാണെന്നും, അഴിമതി നിരോധന നിയമപ്രകാരം ചീഫ് സെക്രട്ടറിക്കെതിരേ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും കേസ് വിധി പറയുന്നത് ഈ മാസം 21ലേയ്ക്ക് മാറ്റുന്നുവെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി എ.ബദറുദ്ദീന്‍ ഉത്തരവിട്ടു.
ശ്രീലേഖ ഗതാഗതകമ്മിഷണറായിരിക്കേ റോഡ്‌സുരക്ഷാ ഫണ്ട് വഴിവിട്ട് ചെലവഴിച്ചതായും അനുമതിയില്ലാതെ അഞ്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി ശുപാര്‍ശ ചെയ്തത്.
ഇതു സംബന്ധിച്ച ഫയല്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു. എന്നാല്‍ നാലുമാസമായിട്ടും ഫയലില്‍ തീരുമാനമെടുക്കാതെ ചീഫ് സെക്രട്ടറി ഫയല്‍ പൂഴ്ത്തുകയായിരുന്നുവെന്നാണ് ഹരജിക്കാരന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."