സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് സൗകര്യമില്ല; അംഗപരിമിതര്‍ക്ക് ദുരിതം മാത്രം
പാലക്കാട്: സിവില്‍ സ്റ്റേഷനില്‍ ലിഫ്റ്റ് സൗകര്യമില്ല. ജില്ലാകലക്ടറുടെ ഓഫിസ് അടക്കം പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനില്‍ കലക്ടറുടെ അടുത്തെത്തി നിവേദനം നല്കാന് ശാരീരിക അവശത നേരിടുന്നവര്‍ ബുദ്ധിമുട്ടുന്നു. വീല്‍ ചെയറില്‍ വരുന്നവര്‍ക്ക് സിവില്‍ സ്റ്റേഷനിലെ പടിക്കെട്ടുകള്‍ കയറി മുകള്‍ നിലയിലുള്ള ഓഫിസുകളിലെത്താന്‍ സാധിക്കില്ല. എന്നാല്‍ ഇക്കാര്യം കണ്ടറിഞ്ഞ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി താഴെത്തെത്തി നിവേദനം സ്വീകരിക്കുകയാണ്.
പൊതുജനങ്ങള്‍ നേരിട്ടു ബന്ധപ്പെടുന്ന ഓഫിസുകള്‍ വീല്‍ചെയര്‍ സൗഹൃദമാക്കണമെന്നത് അംഗപരിമിതരുടെ പ്രധാന ആവശ്യമാണ്. കലക്ടറേറ്റില്‍ ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നു തുക വാഗ്ദാനം ചെയ്തെങ്കിലും നിലവിലെ കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാനാകില്ലെന്നായിരുന്നു പരിശോധനാ റിപ്പോര്‍ട്ട്. പകരം സംവിധാനങ്ങളെക്കുറിച്ചുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. കലക്ടറേറ്റില്‍ ജില്ലാ ലോട്ടറി ഓഫിസ് പ്രവര്‍ത്തിക്കുന്നത് ഏറ്റവും മുകള്‍ നിലയിലാണ്.
അംഗപരിമിതര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസഹായത്തോടെ കഷ്ടപ്പെട്ടാണ് പടിക്കെട്ടുകള്‍ കയറി ലോട്ടറി ഓഫിസിലെത്തുന്നത്. ലിഫ്റ്റില്ലെങ്കിലും ഓരോ നിലയിലേക്കും വീല്‍ചെയര്‍ ഉള്‍പ്പെടെ കയറിപ്പോകാവുന്ന വിധത്തില്‍ റാംപ് സംവിധാനം സ്ഥാപിക്കണമെന്ന നിര്‍ദേശവും കടലാസിലൊതുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."