തീരത്തെ സുരക്ഷിതമാക്കാന്‍ സാഗര്‍ കവച് പദ്ധതി
തൃപ്രയാര്‍: വലപ്പാട് നടന്ന കടലോര ജാഗ്രതാ സമിതി യോഗത്തില്‍ തീരത്തെ സുരക്ഷിതമാക്കാന്‍ സാഗര്‍ കവച് പദ്ധതി അവതരിപ്പിച്ചു. കടല്‍വഴിയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം തടയാനാണ് തീര സുരക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
കടലിന്റെ മക്കളായ മത്സ്യതൊഴിലാളികള്‍ക്ക് ഇക്കാര്യത്തില്‍ പ്രധാനപങ്ക് വഹിക്കാന്‍ കഴിയുമെന്നതാണ് ഓപ്പറേഷന്‍ സാഗര്‍ കവച് എന്ന പരിശീലന പരിപാടിക്ക് അടിസ്ഥാനമായത്. നാളെ രാവിലെ 8 മുതല്‍ ശനിയാഴ്ച രാവിലെ 8 മണിവരെയുള്ള 48 മണിക്കൂറാണ് ജാഗ്രതാപരിശീലനം നടക്കുക. കേരള പൊലിസിനൊപ്പം നേവി, കോസ്റ്റ്ഗാര്‍ഡ്, കസ്റ്റംസ്, സംസ്ഥാന തുറമുഖ ഫിഷറീസ് വകുപ്പുകള്‍ എന്നിവയും സാഗര്‍കവച് എന്ന പരിശീലനത്തിലുണ്ടാകും.
48 മണിക്കൂറിനകം തീരമേഖലയിലെ തന്ത്രപ്രധാനസ്ഥലങ്ങളില്‍ പ്രതീകാത്മകമായി തീവ്രവാദികള്‍ നുഴഞ്ഞുകയറും. റെഡ്‌ഫോഴ്‌സ് എന്നാണ് പ്രതീകാത്മക തീവ്രവാദസംഘത്തിന് നല്‍കിയിരിക്കുന്ന പേര്. കര്‍ണാടക സംസ്ഥാനത്തുനിന്നുള്ള ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരുമാണ് റെഡ്‌ഫോഴ്‌സിലുണ്ടാവുക.
വലപ്പാട് പൊലിസ് സ്‌റ്റേഷനില്‍ നടന്ന കടലോരജാഗ്രതാസമിതി യോഗത്തിലാണ് ഇതിന്റെ പൂര്‍ണരൂപം പൊലിസ് വ്യക്തമാക്കിയത്. തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ.സുരേഷ്ബാബു യോഗം ഉദ്ഘാടനം ചെയ്തു. കോസ്റ്റല്‍ സി.ഐപി.ആര്‍.ബിജോയ് അധ്യക്ഷനായി.
തീരദേശപഞ്ചായത്തുകളിലെ പ്രസിഡന്റുമാരും, മത്സ്യഫെഡ് ഫിഷറീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. തീരസുരക്ഷയും പ്രതിരോധവും വിശദമാക്കുന്ന കൈപുസ്തകം, നോട്ടിസ് എന്നിവയുടെ പ്രകാശനകര്‍മം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."