സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചു
പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതനായി. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ ഇന്നലെ അര്‍ധരാത്രി 12.45 നായിരുന്നു അന്ത്യം.
നാലു വര്‍ഷമായി കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ നില വഷളായി. ഇതേത്തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് മുസ്‌ലിയാര്‍ രാത്രിയോടെ അന്തരിക്കുകയായിരുന്നു.
ഖബറടക്കം വൈകീട്ട് മൂന്ന് മണിക്ക് കുമരംപുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പുവിന്റെ മകനായി 1942ലാണ് ജനനം. മാതാവ് പെരിമണ്ണില്‍ ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ.
മക്കള്‍: അബ്ദുറഹിമാന്‍ ദാരിമി (തിരൂര്‍ പകര ജുമാമസ്ജിദ്) അബ്ദുറഹീം ഫൈസി (കൊപ്പം ജുമാമസ്ജിദ്), അബ്ദുല്‍ ജലീല്‍ ഫൈസി (അമ്മിനിക്കാട് ജുമാമസ്ജിദ്), അബ്ദുല്‍ വാജിദ് ഫൈസി (തൃശൂര്‍ കേച്ചേരി ജുമാമസ്ജിദ്), അബ്ദുല്‍ ഫത്താഹ് ഫൈസി (അമ്മിനിക്കാട് പള്ളി) അബ്ദുല്‍ ബാസിത്ത് ഫൈസി (പള്ളിക്കുന്ന് ദാറുല്‍ ഹുദ), അബ്ദുല്‍ റാഫി ഫൈസി (ചേലേമ്പ്ര ജുമാമസ്ജിദ്) അബ്ദുന്നാഫിഅ് (വിദ്യാര്‍ഥി,പട്ടിക്കാട് ജാമിഅ നൂരിയ്യ) അസ്മ, ഖദീജ, ആമിന, ആയിഷ, ഉമ്മുസുലൈം, സൈനബ്.
മരുമക്കള്‍: മുഹമ്മദാലി ഫൈസി കുമരംപുത്തൂര്‍,ഹംസ ഫൈസി അമ്പാഴക്കോട്,ഉണ്ണീന്‍കുട്ടി ഹാജി കുമരംപുത്തൂര്‍,അബ്ദുല്‍ മജീദ് റഹ്മാനി കൂട്ടില്‍,അബൂബക്കര്‍ ഫൈസി കൊമ്പംകല്ല്,ഷൗക്കത്തലി അന്‍വരി അമ്പാഴക്കോട്, മൈമൂന തിരൂര്‍ക്കാട്,മുനീറ ഒലിപ്പുഴ,നജീബ പനങ്ങാങ്ങര,ശമീമ തെയ്യോട്ടുചിറ,നസീറ മുണ്ടേക്കരാട്,സലീമ പാലക്കോട്,മാജിദ അരിപ്ര.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ പള്ളിക്കുന്ന് സ്വദേശിയാണ്. നീണ്ട കാലം സമസ്തയില്‍ നേതൃപരമായ പങ്കുവഹിച്ച എ.പി ഉസ്താദ് 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമാണ്. 2012 ല്‍ സമസ്ത ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
സമസ്ത അധ്യക്ഷനായിരുന്ന ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ പിന്‍ഗാമിയായായാണ് സമസ്തയുടെ പത്താമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക്കാട് ജാമിഅയില്‍ നിന്നും പ്രഥമ സനദ് ദാന സമ്മേളനത്തില്‍ സനദ് സ്വീകരിച്ച എ.പി മുഹമ്മദ് മുസ്‌ലിയാര്‍ രണ്ടുപതിറ്റാണ്ടിലേറെ കാലം ജാമിഅ നൂരിയ്യയില്‍ പ്രധാന മുദരിസ്, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.
പുരാതന പണ്ഡിത കുടുംബമായ കുമരംപുത്തൂര്‍ ആമ്പാടത്ത് തറവാട്ടിലെ അംഗമായ മുഹമ്മദ് മുസ്‌ലിയാര്‍ ആദ്യകാലത്ത് മതവിദ്യാഭ്യാസം ആരംഭിച്ചത് പിതൃസഹോദരന്‍ വീരാന്‍കുട്ടി മുസ്‌ലിയാരുടെ കീഴിലാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,കോട്ടുമല ബാപ്പു മുസ്‌ലിയാര്‍,എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യരില്‍ പ്രധാനികളാണ്.
സമസ്ത ഫത്‌വാ കമ്മിറ്റി അംഗം, സമസ്ത കേരളാ മദ്‌റസാ മാനേജ്‌മെന്റ് പ്രസിഡന്റ്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിച്ചു വരികയായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ കൂടാതെ നന്തി ദാറുസ്സലാം, ഒറവംപുറം, കണ്ണൂരിലെ മാട്ടൂല്‍, കുളപ്പറമ്പ്, മണലടി, ഏപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശ്ശേരി, ആലത്തൂര്‍പടി, ജന്നത്തുല്‍ ഉലൂം പാലക്കാട്, പള്ളിശ്ശേരി, കാരത്തൂര്‍, ചെമ്മാട്, മാവൂര്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."