പ്രദേശവാസികളുടെ താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള സ്ഥലമേറ്റെടുപ്പിനെതിരേ എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നടത്തിയ കൊണ്ടോട്ടി താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പിന്‍വലിക്കുക, രാജ്യാന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. രാവിലെ 9.30 ന് കോടങ്ങാട് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മാര്‍ച്ച് താലൂക്ക് ഓഫിസിന് വിളിപ്പാടകലെ പൊലിസ് തടഞ്ഞു.
കോഴിക്കോട്-പാലക്കാട് ദേശീയ പാത 213 റോഡ് പ്രതിഷേധക്കാരെ തടയാനായി പൊലിസ് അടച്ചതോടെ ഗതാഗതം മുടങ്ങി. വാഹനങ്ങള്‍ കുറുപ്പത്ത് വഴിയും ഒഴുകൂര്‍ വഴിയും തിരിച്ചുവിട്ടു. കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍ പഞ്ചായത്ത് പ്രതിനിധികളും സമരത്തില്‍ പങ്കെടുത്തു. ഡി.വൈ.എസ്.പി ഷറഫുദ്ദീന്,കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലിസും സ്ഥലത്തെത്തിയിരുന്നു.
മാര്‍ച്ച് പരിസ്ഥിതി മനുഷ്യാവകാശ പ്രവര്ത്തകന് സി.ആര് നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി കണ്‍വീനര്‍ ചുക്കാന്‍ ബിച്ചു അധ്യക്ഷനായി. കൊണ്ടോട്ടി നഗരസഭ ചെയര്മാന് സി.കെ നാടിക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം സെറീന ഹസീബ്, നഗരസഭ കൗണ്‍സിലര്‍മാരായ യു.കെ മുഹമ്മദ് ഷാ, പാറപ്പുറം അബ്ദുറഹ്മാന്, അഡ്വ.കെ.കെ സമദ്, പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്തീഫ്, സി.ജാസിര്‍, അബുലൈസ് തേഞ്ഞിപ്പലം, കെ.കെ മൂസക്കുട്ടി, ആലുങ്ങല്‍ ആസിഫ് സംസാരിച്ചു. വി.ശബീറലി, എം.യൂസുഫ്, രാമന്‍കുട്ടി, സിദ്ദീഖ് മാസ്റ്റര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."