യു.എ.ഇ. കുടിയേറ്റ ചരിത്ര പ്രദര്‍ശനത്തിന് തുടക്കമായി
കൊച്ചി: മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ഭാഗമായി ഇന്ത്യയുടേയും യു.എ.ഇയുടേയും സംസ്‌കാരങ്ങളുടെ സങ്കലനം അനാവരണം ചെയ്യുന്ന 'ബൈനറി സ്റ്റേറ്റ്‌സ് ഇന്ത്യ യു.എ. ഇ' എന്ന പ്രദര്‍ശനത്തിന് തുടക്കമായി. യു.എ.ഇ കള്‍ച്ചറല്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നിര്‍മിതിയായ പ്രദര്‍ശനം യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്.
ഫോര്‍ട്ട് കൊച്ചി ഗ്രീനിക്‌സ് വില്ലേജില്‍ പ്രദര്‍ശനം മാര്‍ച്ച് രണ്ടുവരെ തുടരും. യു.എ.ഇയിലെയും ഇന്ത്യയിലേയും ജനങ്ങള്‍ക്കിടയില്‍ കാലങ്ങളായി ഉടലെടുത്ത ആത്മബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കലാകാരന്മാര്‍ പങ്കെടുത്ത സംവാദവും.
യു.എ.ഇയിലെ ഇന്ത്യക്കാരുടെയും ഇന്ത്യയിലെ യു.എ.ഇക്കാരുടെയും അനുഭവങ്ങള്‍ വിവരിക്കുന്ന ഓഡിയോ ഇന്‍സ്റ്റലേഷന്‍, പോഡ്കാസ്റ്റുകള്‍, എഴുതിയ വിവരണങ്ങള്‍ എന്നിവ തയാറാക്കിയ റാഷാ അല്‍ ദുവൈസന്‍, യു.എ.ഇയിലുള്ള മലയാളി ഫോട്ടോഗ്രാഫര്‍ പ്രേം രത്‌നത്തിന്റെ ഫോട്ടോ ശേഖരത്തില്‍ നിന്നും തെരഞ്ഞെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം 'റിവേഴ്‌സ് മൊമെന്റ്‌സ്' തയാറാക്കിയ അമ്മര്‍ അല്‍ അത്തര്‍, നാട്ടില്‍ തങ്ങള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന വീടിന്റെ രൂപകല്‍പനയെക്കുറിച്ച് യു.എ.ഇയിലുള്ള രണ്ടുമലയാളികളും കേരളത്തിലെ ആര്‍ക്കിടെക്ച്ചറല്‍ സ്ഥാപനവും തമ്മിലുള്ള ഇടപാടുകള്‍ ചിത്രീകരിക്കുന്ന'വീട്' എന്ന വീഡിയോ ചിത്രമൊരുക്കിയ വിക്രം ദിവേച്ഛ, പ്രദര്‍ശനത്തിന്റെ ക്യുറേറ്ററായ റാഷിദ് ബിന്‍ ഷബീബ് എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.
അമേരിക്കയും യൂറോപ്പും സന്ദര്‍ശിച്ചപ്പോള്‍ അനുഭവപ്പെട്ട മറ്റൊരിടത്താണെന്ന അന്യതാബോധം കൊച്ചിയില്‍ അനുഭവപ്പെട്ടില്ലെന്ന് യു.എ.ഇ സംഘാംഗങ്ങള്‍ പറഞ്ഞു. ദുബൈയിലെ ഒരു തെരുവില്‍ നില്‍ക്കുന്നതുപോലെ തന്നെയാണ് കൊച്ചിയില്‍ നിന്നപ്പോഴും തോന്നിയതെന്നും സംഘാഗങ്ങള്‍ പറഞ്ഞു. പ്രദര്‍ശനം ഇന്ത്യയ്ക്കും യു.എ.ഇക്കുമിടയിലെ സാംസ്‌കാരിക നയതന്ത്ര പരിപാടികള്‍ക്ക് ഊര്‍ജമേകുമെന്ന് ക്യുറേറ്ററായ റാഷിദ് ബിന്‍ ഷബീബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."