എ.പി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗം: പ്രമുഖര്‍ അനുശോചിച്ചു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷന്‍ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തില്‍ പ്രമുഖര്‍ അനുശോചിച്ചു.
സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗം കേരളീയ മുസ്‌ലിം ജനതയ്ക്ക് തീരാനഷ്ടമാണെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. ആത്മീയമായി ജീവിതം നയിക്കുന്നതിലൂടെ താന്‍ പ്രതിനിധാനം ചെയ്ത സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുകയായിരുന്നു അദ്ദേഹം. സമസ്തയുടെ നേതൃനിരയില്‍ സീനിയറായ അദ്ദേഹത്തിന്റെ നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു എല്ലാവരെയും ആകര്‍ഷിപ്പിച്ചതെന്നും തങ്ങള്‍ പറഞ്ഞു.
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
കുവൈത്ത് സിറ്റി: കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തോടെ നഷ്ടമായത് കരുത്തുറ്റ സഹപ്രവര്‍ത്തകനെയാണെന്ന് സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരിച്ചു. സങ്കീര്‍ണ പ്രശ്‌നങ്ങളെ അനായാസം കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ പിന്തുണ എക്കാലത്തും സഹായകമായിരുന്നു. ജാമിഅയുടെ ഉന്നതിക്കായി ഉഴിഞ്ഞുവച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വിദ്യാര്‍ഥികളെ സംസ്‌കരിച്ചെടുക്കാന്‍ വളരെ കണിശമായ നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചു. കാളമ്പാടി ഉസ്താദിനു ശേഷം എ.പി ഉസ്താദിന്റെ കൂടി നഷ്ടം ജാമിഅക്കും പണ്ഡിത കേരളത്തിനും താങ്ങാനാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
സമസ്തയുടെ പൂര്‍വ നേതാക്കന്മാരുടെ പാതപിന്തുടര്‍ന്ന പണ്ഡിത പ്രമുഖനെയാണ് എ.പി മുഹമ്മദ് മുസ്‌ലിയാരുടെ മരണത്തോടെ നഷ്ടമായതെന്ന് സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. ആദര്‍ശത്തില്‍ നിന്നു അണുമണിത്തൂക്കം വ്യതിചലിക്കാതെ ഈ മഹത്തായ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കര്‍മശാസ്ത്ര വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള നൈപുണ്യം എക്കാലത്തും മുതല്‍ക്കൂട്ടായിരുന്നു. തങ്ങള്‍ പറഞ്ഞു.
കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍
സമുദായ സേവനത്തിനുവേണ്ടി നേതൃനിരയില്‍ പ്രവര്‍ത്തിച്ച കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ ആദര്‍ശജീവിതം എല്ലാവര്‍ക്കും മാതൃകയാണെന്ന് സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍. നേതൃനിരയില്‍ സൗമ്യനായി നിന്നപ്പോഴും സമസ്തയുടെ അവസാനവാക്കായിരുന്നു അദ്ദേഹമെന്നും ബാപ്പു മുസ്‌ലിയാര്‍ അനുസ്മരിച്ചു.
ഇ. അഹമ്മദ്
വൈജ്ഞാനിക രംഗത്ത് ഉയരങ്ങള്‍ പ്രാപിച്ച പണ്ഡിതനായിരുന്നു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരെന്ന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ്. ഉയര്‍ന്ന വിജ്ഞാനം നേടിയപ്പോഴും വിനയാന്വിതനും സാത്വികനുമായി ജീവിച്ചുവെന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നു മാറ്റിനിര്‍ത്തുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു.
പി.കെ കുഞ്ഞാലിക്കുട്ടി
പാണ്ഡിത്യവും ലാളിത്യവും സ ംഗമ ിച്ച അപൂര്‍വ വ്യക്തിത്വമാണ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അധ്യാപനം ജീവിതസപര്യയാക്കി മുസ്‌ലിംകളുടെ ഉന്നമനത്തിനു വേണ്ടി കര്‍മരംഗത്തേക്കിറങ്ങിയ മതപണ്ഡിതനും കൂടിയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
എം.പി അബ്ദുസ്സമദ് സമദാനി
അസാധാരണമായ പക്വതയും അനുകരണീയമായ സൗമ്യതയും മാതൃകാപരമായ ശാന്തതയും പുലര്‍ത്തി നമുക്കിടയിലൂടെ കടന്നുപോയ പണ്ഡിതനായിരുന്നു എ.പി മുഹമ്മദ് മുസ്‌ലിയാരെന്ന് മുസലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി. ഒച്ചപ്പാടുകളും ബഹളവുമില്ലാതെ പാണ്ഡിത്യത്തിന്റെയും അറിവിന്റെയും നിറവില്‍ ജീവിക്കുകയും അവ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹമെന്നും സമദാനി പറഞ്ഞു.
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍
വിടപറഞ്ഞത് കര്‍മശാസ്ത്ര രംഗത്തെ കുലപതിയെയാണെന്ന് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസമരിച്ചു. പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍ മുന്‍ഗാമികള്‍ സ്വീകരിച്ച മാനദണ്ഡങ്ങളില്‍ അദ്ദേഹം കണിശത പുലര്‍ത്തി. വൈജ്ഞാനിക രംഗത്തെ ഉത്തമ വഴികാട്ടിയെയാണ് എ.പി ഉസ്താദിന്റെ വിയോഗത്തോടെ നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."