കോപ്റ്റര്‍ ഇടപാട്: ഉന്നത രാഷ്ട്രീയ കുടുംബത്തിന് കോഴ നല്‍കിയെന്ന് ഇടനിലക്കാരന്‍
ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടിന്റെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഡയറിക്കുറിപ്പിലേതെന്നു കരുതുന്ന വിവരങ്ങള്‍ പുറത്ത്. കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് 400 കോടി രൂപയോളം പലര്‍ക്കായി കമ്മിഷന്‍ ഇനത്തില്‍ നല്‍കിയെന്നും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 120 കോടി രൂപ(16 ദശലക്ഷം യൂറോ) കൈക്കൂലി നല്‍കിയെന്നും ഡയറിയില്‍ പറയുന്നു. ഇന്ത്യാ ടുഡേയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ക്രിസ്ത്യന്‍ മിഷേലില്‍ നിന്നു പിടിച്ചെടുത്ത രേഖകള്‍ ഇറ്റലി നേരത്തേ സി.ബി.ഐക്ക് കൈമാറിയിരുന്നു. ഈ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. അതേസമയം, ഏതുരാഷ്ട്രീയ കുടുംബത്തിനാണ് കമ്മിഷന്‍ നല്‍കിയതെന്നു ഡയറിയില്‍ പറയുന്നില്ലെങ്കിലും അതു ഗാന്ധികുടുംബമാണെന്നാണു സൂചന. നോട്ട് നിരോധനത്തിനു പിന്നില്‍ വന്‍ അഴിമതി നടന്നുവെന്നും മോദിക്കെതിരേ ഭൂകമ്പസമാനമായ വെളിപ്പെടുത്തല്‍ നടത്തുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബുധനാഴ്ച പ്രഖ്യാപിക്കുകയും ഇന്നലെ ഇതുസംബന്ധിച്ച് സഭയില്‍ പ്രസ്താവന നടത്തുമെന്നും കരുതിയിരിക്കെയാണ് ഗാന്ധികുടുംബത്തെ പ്രതിരോധത്തിലാക്കി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ആര്‍ക്കൊക്കെയാണ് കമ്മിഷന്‍ നല്‍കിയതെന്ന് ഇനംതിരിച്ചു ഡയറിക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. രാഷ്ട്രീയനേതാക്കളില്‍ 'എ.പി' എന്ന് അറിയപ്പെടുന്ന നേതാവിന് മൂന്നു ദശലക്ഷം യൂറോ (25 കോടി) നല്‍കി. പ്രതിരോധ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി(വ്യോമസേന), അഡീഷനല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ഡി.ജി അക്വിസിഷന്‍സ്, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍(സി.വി.സി), ഓഡിറ്റര്‍ ജനറല്‍ എന്നിവര്‍ക്കു നല്‍കിയ പണത്തിന്റെ കണക്കുകളും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ക്കെല്ലാമായി 84 ലക്ഷം യൂറോയാണ്(60 കോടി) കമ്മിഷനായി നല്‍കിയിരിക്കുന്നത്. എയര്‍ഫോഴ്‌സ് പേയ്‌മെന്റ്‌സ് എന്ന പേരില്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ആരെയൊക്കെയാണ് സ്വാധീനിക്കേണ്ടതെന്നു വ്യക്തമാക്കി ക്രിസ്ത്യന്‍ മിഷേല്‍ അയച്ച മറ്റൊരു ഇ-മെയില്‍ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. യു.പി.എ കാലത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രിമാരായിരുന്ന പ്രണബ് മുഖര്‍ജി, വീരപ്പമൊയ്‌ലി, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരുകളാണ് ഇ- മെയിലില്‍ പരാമര്‍ശിക്കുന്നത്.
രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുള്‍പ്പെടെയുള്ള വി.വി.ഐ.പികളുടെ യാത്രയ്ക്കായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് എന്ന കമ്പനിയില്‍ നിന്ന് 12 എ.ഡബ്ല്യു 101 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ യു.പി.എ സര്‍ക്കാരാണ് ഒപ്പിട്ടത്. 3600 കോടിയുടെ ഇടപാടില്‍ 362 കോടി കോഴയായി കൈമാറിയെന്നാണ് സി.ബി.ഐയുടെ ആരോപണം. അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി 2013ല്‍ കരാര്‍ റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."