മഴപെയ്താല്‍ കൊച്ചി 'വെള്ള'ത്തില്‍
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെന്ന് കൊച്ചി കോര്‍പറേഷന്‍
മഴക്കാലമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒരു ചെറിയ മഴ പെയ്താല്‍ പോലും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ് ജില്ലയിലെവിടെയും.
വിവിധ നഗരസഭകളുടെ നേതൃത്വത്തില്‍ നടക്കുന്ന മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലം ചെയ്യുമെന്ന് കണ്ടറിയണം.ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ടുചെയ്തുകഴിഞ്ഞു. മഴയെത്തുന്നതോടെ രോഗങ്ങളും പടര്‍ന്നുപിടിക്കും.ഓരോ മുന്‍സിപ്പാലിറ്റിയും കൊച്ചി കോര്‍പ്പറേഷനും നടത്തിയ മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ എത്രത്തോളമെത്തിയെന്ന് അന്വേഷിക്കുന്ന പരമ്പര 'മഴ വരും മുമ്പേ' ഇന്നുമുതല്‍
സുനി അല്‍ഹാദി
കൊച്ചി: വികസനക്കുതിപ്പില്‍ കൊച്ചി സംസ്ഥാനത്ത് ഒന്നാമത്... എന്നാല്‍ മഴ പെയ്താല്‍ കൊച്ചി ഏറ്റവും പിറകില്‍... മഴ ഒന്നു കനത്താല്‍ പിന്നെ വാഹനങ്ങളൊക്കെ വെള്ളത്തില്‍ ഒഴുകി നടക്കുന്ന കാഴ്ചയാണ് നഗരത്തില്‍ കാണാന്‍ സാധിക്കുന്നത്.
പ്രധാന റോഡുകളായ എം.ജി റോഡിലും മാര്‍ക്കറ്റ് റോഡിലും കെ.എസ്.ആര്‍.ടി.സി റോഡിലും കടവന്ത്രയിലും ഒക്കെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടും. വെള്ളം ഒഴുകിപ്പോകുന്ന സംവിധാനങ്ങള്‍ കാര്യക്ഷമല്ലാത്തതാണ് ദുരവസ്ഥയ്ക്ക് കാരണം. റോഡരികിലെ കാനകളുടെ ശുചീകരണം എങ്ങുമെത്താത്ത അവസ്ഥയാണ്.എം.ജി റോഡില്‍ പലയിടത്തും സ്ലാബുകള്‍ മാറ്റി കാനകള്‍ വൃത്തിയാക്കല്‍ നടപടി നഗരസഭ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.കാനകളില്‍ നിന്ന് കോരിയെടുത്ത മാലിന്യമാകട്ടെ റോഡരികില്‍ കൂട്ടിയിട്ട അവസ്ഥയിലാണ്. മഴവന്നാല്‍ ഇത് തിരിച്ച് കാനയിലേക്ക് തന്നെ ഒഴുകിയിറങ്ങും.
ഇത്തവണത്തെ വേനല്‍ക്കാലം കടുത്തതായതിനാല്‍ കാനകളില്‍ ശീതളപാനിയങ്ങളുടെ കുപ്പികളും പ്ലാസ്റ്റിക് ടിന്നുകളുമൊക്കെ ഉപയോഗത്തിനുശേഷം യഥേഷ്ടമാണ് വലിച്ചെറിയപ്പെട്ടത്. അതുകൊണ്ടുതന്നെ കാനകളുടെ ശുചീകരണത്തിന് പതിവിലേറെ സമയം എടുക്കുകയും ചെയ്യും. നഗരത്തിലെ വെള്ളം ഒലിച്ചിറങ്ങുന്ന പേരണ്ടൂര്‍ കനാല്‍ ശുചീകരണം പാതിവഴിയിലായ അവസ്ഥയിലാണ്. മഴക്കാലത്തുണ്ടാകുന്ന ഡെങ്കിപ്പനി മട്ടാഞ്ചേരി, കോതമംഗലം എന്നിവിടങ്ങില്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
കോര്‍പറേഷന്‍ പറയുന്നത്
നഗരത്തെ മഴക്കാലത്ത് പിടിച്ചുനിര്‍ത്താന്‍ പഴുതുകളടച്ച മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനമാണ് നടത്തിവരുന്നതെന്നാണ് കൊച്ചി കോര്‍പറേഷന് പറയാന്നുള്ളത്.കോര്‍പ്പറേഷനിലെ 74 ഡിവിഷനുകള്‍ക്കും കുറഞ്ഞത് രണ്ട് ലക്ഷം രൂപവീതമാണ് കാന വൃത്തിയാക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. പേരണ്ടൂര്‍ കനാല്‍, മന്ത്ര കനാല്‍ എന്നിവയുടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. തോടുകള്‍ വൃത്തിയാക്കാന്‍ മൂന്ന് മുതല്‍ 14 ലക്ഷം രൂപവരെയാണ് അനുവദിച്ചിരിക്കുന്നത്. തോടുകളുടെ വലിപ്പമനുസരിച്ചാണ് തുക അനുവദിച്ചിരിക്കുന്നത്. നിയമസഭാതെരഞ്ഞെടുപ്പ് ശുചീകരണപ്രവര്‍ത്തനത്തെ ബാധിച്ചെന്ന പ്രചരണവും തെറ്റാണ്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ശുചീകരണപ്രവര്‍ത്തനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതി നേടിയിരുന്നു. അതിനാല്‍ തന്നെ മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനം നേരത്തെ ആരംഭിച്ചു. ചെറിയ കാനകളുടെ ശുചീകരണം 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മഴക്കാലത്ത് വരുന്ന രോഗങ്ങളെ ചെറുക്കാന്‍ ക്യാംപുകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്ലാത്ത ഡിവിഷനുകളില്‍ ജൂണ്‍,ജൂലായ് മാസങ്ങളിലായി എട്ട് ക്യാംപുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതിരോധമരുന്ന് വിതരണം ഉള്‍പ്പെടെ നടക്കുന്ന ക്യാംപുകളുടെ നടത്തിപ്പിന് പതിനായിരം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത 2,3,4,5 ഡിവിഷനുകളിലെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനെപ്പറ്റി ക്ലാസ്സുകളെടുക്കുന്നുണ്ട്. കാനകളില്‍ നിന്ന് കോരിയെടുത്ത ചെളിയും മറ്റ് മാലിന്യങ്ങളും ഉണങ്ങാനായി റോഡരികില്‍ ഇട്ടിരുന്നു. എന്നാല്‍ ഉണങ്ങിയതിനുശേഷം അത് നീക്കം ചെയ്യാറാണ് പതിവ്.
ഇത്തരം മാലിന്യം റോഡരികില്‍ കിടക്കുന്നത് ആരെങ്കിലും അറിയിച്ചാല്‍ ഉടന്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും.
കള്‍വെര്‍ട്ടുകള്‍
ശുചീകരിക്കാന്‍
റെയില്‍വേ
അനുമതി നല്‍കി
റെയില്‍വേ ലൈനുകള്‍ക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള കള്‍വെര്‍ട്ടുകളില്‍ മാലിന്യം അടഞ്ഞ് മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ ഇതൊഴുവാക്കാന്‍ കള്‍വെര്‍ട്ടുകള്‍ ശുചീകരിക്കാന്‍ കൊച്ചി കോര്‍പറേഷന്‍ റെയില്‍വേ അധികൃതരെ സമീപിക്കുകയുണ്ടായി.
നഗരത്തിലെ വിവിധയിടങ്ങളിലെ 18 കള്‍വെര്‍ട്ടുകള്‍ ശുചീകരിക്കാനാണ് നഗരസഭയ്ക്ക് സതേണ്‍ റെയില്‍വെ അനുമതി നല്‍കിയത്. തല്‍ക്കാലം നഗരസഭയുടെ ചെലവില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി പിന്നീട് റെയില്‍വേ പണം നല്‍കുമെന്നാണ് വ്യവസ്ഥ. വലിയ പൈപ്പുകള്‍ യന്ത്രം ഉപയോഗിച്ച് ശുചീകരിക്കാനാണ് നഗരസഭ ലഷ്യമിടുന്നത്. വിജയിച്ചാല്‍ അനുമതി വാങ്ങി നാഷണല്‍ഹൈവേയില്‍ സ്ഥാപിച്ചിരിക്കുന്ന വന്‍ പൈപ്പുകളും ഇതേരീതിയില്‍ ശുചീകരിക്കും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."