നഗരസഭയില്‍ ഭവനനിര്‍മാണ പദ്ധതി ചെക്കുകള്‍ വിതരണം ചെയ്തു
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയിലെ 2015, 2016 വര്‍ഷത്തില്‍ ഭവന നിര്‍മാണ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ചെക്കുകള്‍ കൈമാറി. നഗരസഭാ ഹാളില്‍ നടന്ന ചടങ്ങ് പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.വി. ഹംസ അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പാലോളി മെഹബൂബ്, മുംതാസ് ബാബു, ശ്രീജ ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ഗിരീഷ് മോളൂര്‍മഠത്തില്‍, ദേവശ്ശേരി മുജീബ്, സമീറ അസീസ്, അരുമ ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭ പരിധിയില്‍ സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. വീട് നിര്‍മാണം തുടങ്ങി വിവിധ ഘട്ടങ്ങളില്‍ എത്തി നില്‍ക്കുന്നവര്‍ക്കും വീടുപണി തീര്‍ന്നവര്‍ക്കും ബന്ധപ്പെട്ടവര്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുമാണ് ചെക്ക് നല്‍കിയത്. ഇനി ബാക്കിയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് യഥാസമയം പണം നല്‍കാനാകുമെന്ന് ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."