മാവോയിസ്റ്റ് ഭീതിയുടെ മറവില്‍ നിലമ്പൂര്‍ കാട്ടില്‍ വേട്ടസംഘങ്ങള്‍ പിടിമുറുക്കുന്നു വനപാലകര്‍ ഉള്‍ക്കാടുകളില്‍ പരിശോധന നിര്‍ത്തിയതാണ് കാരണം
നിലമ്പൂര്‍: മാവോയിസ്റ്റ് ഭീതിയില്‍ വനപാലകര്‍ ഉള്‍ക്കാടുകളില്‍ പരിശോധന നിര്‍ത്തിയതോടെ നിലമ്പൂര്‍ കാട്ടില്‍ വേട്ടസംഘങ്ങള്‍ പിടിമുറുക്കുന്നു. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് പൊലിസും തണ്ടര്‍ബോള്‍ട്ടും സ്ഥിരീകരിച്ച നിലമ്പൂര്‍ വനമേഖലയിലെ ഉള്‍ക്കാടുകളില്‍ വനപാലകരുടെ നിരീക്ഷണം ഇപ്പോഴില്ല. മാവോയിസ്റ്റ് വേട്ടക്കുള്ള തണ്ടര്‍ബോള്‍ട്ടും പൊലിസ് സംഘവുംകൂടി പിന്‍വാങ്ങിയതോടെ ഇപ്പോള്‍ വേട്ടസംഘങ്ങളാണ് കാടു ഭരിക്കുന്നത്. പ്രമുഖ റിസോര്‍ട്ടുകളിലേക്കും മറ്റും വന്യമൃഗങ്ങളെ പിടികൂടി ജീവനോടെയും മാംസമായും എത്തിച്ചുകൊടുക്കുന്ന സംഘങ്ങള്‍ സജീവമാണ്. മാന്‍, മുയല്‍, കാട്ടുപന്നി, കാട്ടുപോത്ത്, കുരല്‍ എന്നിവയെയാണ് വെടിവെച്ചും കെണിവെച്ചും പിടിക്കുന്നത്. മുയല്‍, കാട്ടുകോഴി അട്ടമുളളവയെ ജീവനോടെയും മറ്റു മൃഗങ്ങളുടെ മാംസവുമാണ് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. മോഹവില നല്‍കി വേട്ടക്കാരില്‍ നിന്നും മൃഗങ്ങളുടെ മാംസം വാങ്ങുന്നവരുണ്ട്. ചില റിസോര്‍ട്ടുകാരുടെ പ്രധാന ആകര്‍ഷണം തന്നെ വേട്ടമൃഗങ്ങളുടെ മാംസമാണ്.
നിലമ്പൂരില്‍ രണ്ടുമാസം മുന്‍പ് രണ്ടിടങ്ങളില്‍ വനപാലകര്‍ നടത്തിയ പരിശോധനയില്‍ രണ്ടു മൃഗവേട്ട സംഘാംഗങ്ങളുടെ വീട്ടില്‍ നിന്നും മാനിറച്ചിയും മുള്ളന്‍പന്നി ഇറച്ചിയും തോക്കും തിരകളും മൃഗവേട്ടക്കുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. മൃഗമാസം പിടിച്ചെടുത്തതില്‍ മാത്രം കേസെടുത്ത് വേട്ട സംഘങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താതിരിക്കുകയാണ് വനപാലകര്‍. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് വിവിഷനുകളിലായി വയനാട് വനമേഖലയുടെയും തമിഴ്‌നാട്ടിലെ നീലഗിരി വനമേഖലയുടെയും അതിര്‍ത്തി പങ്കിടുന്ന നിലമ്പൂര്‍ കാടുകളില്‍ ആനവേട്ടസംഘങ്ങളുടെ സാന്നിധ്യം നേരത്തെ ആദിവാസികള്‍ വനപാലകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഒരു അന്വേഷണവും ഉണ്ടായില്ല.
കഞ്ചാവു കൃഷിയും വനത്തിനുള്ളില്‍ സജീവമാണ്. മാവോയിസ്റ്റ് ഭീതിയും, വനത്തിനുള്ളിലേക്ക് അപരിചിതര്‍ക്ക് പ്രവേശിക്കുന്നതിന് വിലക്കും നായാട്ടു സംഘങ്ങള്‍ക്കു പുറമെ കഞ്ചാവു ലോബികള്‍ക്കും അനുഗ്രഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."