കടലാടിപ്പാറ സോളാര്‍പാര്‍ക്ക്: സര്‍ക്കാരിനെതിരേ ആശാപുര കമ്പനി
നീലേശ്വരം: കാസര്‍കോട് കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ സോളാര്‍ പാര്‍ക്ക് തുടങ്ങാനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നീക്കത്തിനെതിരേ മുംബൈ ആസ്ഥാനമായുള്ള ആശാപുര മൈന്‍ കെം ലിമിറ്റഡ് രംഗത്ത്. തങ്ങള്‍ക്കു ബോക്‌സൈറ്റ് ഖനനത്തിനായി അനുവദിച്ച സ്ഥലമാണിതെന്നും സോളാര്‍ പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി സി.ഇ.ഒ സന്തോഷ് മേനോന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയായും ഖനനത്തിനായി ഭൂമിവിട്ടുനല്‍കിക്കൊണ്ടു പുറപ്പെടുവിച്ച ലീസ് റദ്ദു ചെയ്തിട്ടില്ല. കൂടാതെ കമ്പനിക്കു പുതുതായി പാരിസ്ഥിതികാഘാത പഠനത്തിനായി കലക്ടര്‍ നല്‍കിയ ഉത്തരവും നിലവിലുണ്ട്. അതു നിലനില്‍ക്കെ സര്‍ക്കാരുകള്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതു നിയമവിരുദ്ധമാണെന്നാണു ആശാപുരയുടെ വാദം.
കടലാടിപ്പാറയിലെ 98 ഏക്കര്‍ സ്ഥലത്തു സോളാര്‍ പാര്‍ക്കു സ്ഥാപിക്കാനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തീരുമാനിച്ചിരുന്നു. അതിന്റെ സര്‍വേ നടപടികളും നടന്നുവരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെയും സംയുക്ത സംരഭമാണിത്. ജില്ലയുടെ വൈദ്യുത ക്ഷാമത്തിനു പരിഹാരം കാണുന്നതിനാണു ഈ പദ്ധതി ആരംഭിക്കുന്നത്.
കടലാടിപ്പാറയെ കൂടാതെ ജില്ലയില്‍ കരിന്തളം, പൈവളിഗെ, മടിക്കൈയിലെ വെള്ളൂട എന്നിവിടങ്ങളിലും സോളാര്‍ പാര്‍ക്ക് സ്ഥാപിക്കുന്നുണ്ട്. സര്‍ക്കാര്‍ ഇവിടെ ഓരോ പദ്ധതികള്‍ കൊണ്ടുവരുമ്പോഴും ആശാപുര അതിനെ എതിര്‍ത്തിരുന്നു. ജനങ്ങളെ മാവോവാദികളോടു താരതമ്യം ചെയ്യാന്‍ പോലും ഒരു ഘട്ടത്തില്‍ കമ്പനി സി.ഇ.ഒ മുതിര്‍ന്നിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധവുമുയര്‍ന്നതാണ്.
പ്രദേശത്തു ഖനനമനുവദിക്കില്ലെന്നാണു സര്‍വകക്ഷികളുടെയും തീരുമാനം. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള തന്ത്രമായാണു ആശാപുര സി.ഇ.ഒയുടെ വാര്‍ത്താക്കുറിപ്പു വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."