കാക്കടവില്‍ വീണ്ടും താല്‍ക്കാലിക തടയണ: പ്രതിഷേധവുമായി നാട്ടുകാര്‍
കാക്കടവ്: കാര്യംകോട് പുഴയില്‍ കാക്കടവില്‍ വീണ്ടും താല്‍കാലിക തടയണ നിര്‍മിക്കാനുള ജലസേചന വകുപ്പിന്റെ നീക്കത്തിനെതിരേ നാട്ടുകാര്‍ രംഗത്ത്. ഏഴിമല നാവിക അക്കാദമിയിലേക്കടക്കമുള്ള ശുദ്ധജല പദ്ധതിക്കു വെള്ളം ലഭിക്കാതായതോടെയാണ് അധികൃതര്‍ തടയണ നിര്‍മിക്കാനൊരുങ്ങുന്നത്. ഈ വര്‍ഷം സ്ഥിരം തടയണ നിര്‍മിക്കാമെന്ന് അധികൃതര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ ഉറപ്പു ലംഘിച്ചാണു കല്ലും മണ്ണും ഉപയോഗിച്ചു വീണ്ടും താല്‍ക്കാലിക തടയണയ്ക്കായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനെതിരേയാണു നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്്. ഏഴിമല നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത് കുടിവെള്ള പദ്ധതി, പെരിങ്ങോം സി.ആര്‍.പി.എഫ് ക്യാംപ് എന്നിവിടങ്ങളിലേക്ക് ഇവിടെ നിന്നാണു വെള്ളം എത്തിക്കുന്നത്. പ്രതിദിനം 45 ലക്ഷം ലിറ്റര്‍ വെള്ളം നാവിക അക്കാദമിക്കു മാത്രം നല്‍കുന്നുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വേനലാകുമ്പോള്‍ പുഴയില്‍ വെള്ളം കുറയുകയും വെള്ളത്തിനു ക്ഷാമം നേരിടുകയും ചെയ്യും. ഈ സമയങ്ങളില്‍ പദ്ധതി പ്രദേശത്തു കല്ലും പ്ലാസ്റ്റിക് ചാക്കില്‍ മണ്ണും നിറച്ചു താല്‍ക്കാലിക തടയണ നിര്‍മിച്ചാല്‍ മാത്രമെ മോട്ടോറില്‍ വെള്ളം കയറുകയുള്ളു. ഇതിനായി ഓരോ വര്‍ഷവും എട്ടു ലക്ഷത്തോളം രൂപയും ചെലവാക്കുന്നു.
കുടിവെള്ള പദ്ധതി കമ്മിഷന്‍ ചെയ്യുമ്പോള്‍ തന്നെ സ്ഥിരം കോണ്‍ക്രീറ്റ് തടയണ നിര്‍മാണത്തിന്റെ ആവശ്യകത അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും അധികൃതര്‍ കാണിച്ച ഉത്തരവാദിത്വമില്ലായ്മയാണ് എല്ലാ വര്‍ഷവും താല്‍ക്കാലിക തടയണ നിര്‍മിക്കുന്നതിലേക്കു നയിച്ചതെന്നാണ് ആരോപണം. കൂടാതെ ഇതു വരെ നിര്‍മിച്ച താല്‍ക്കാലിക തടയണകള്‍ക്കു വേണ്ടി ഉപയോഗിച്ച ഫണ്ടുണ്ടെങ്കില്‍ ഇതു പോലുള്ള മൂന്നു പദ്ധതികള്‍ പൂര്‍ത്തിയാക്കാമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ കാക്കടവില്‍ സ്ഥിരം തടയണ നിര്‍മിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. 6.5 മീറ്റര്‍ ഉയരത്തില്‍ സ്ഥിരം തടയണയ്ക്കുള്ള ടെന്‍ഡര്‍ നടപടിയും കഴിഞ്ഞതാണ്. പാരിസ്ഥിതികാഘാത പഠനം നടക്കാത്തതിനാലാണ് ഇതു നീണ്ടു പോവുന്നത്.
താല്‍കാലിക തടയണ നിര്‍മാണത്തിനെതിരേ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം അഞ്ചിനു കാക്കടവില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."