മരടില്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
മരട്: മരട് നഗരസഭയില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി.
ഒടുവില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചു. അതേസമയം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കേസില്‍ അകപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാം പറസിലും, കൗണ്‍സിര്‍ ജിന്‍സണ്‍ പീറ്ററും തല്‍സ്ഥാനം രാജിവച്ചു ജനവിധി തേടണമെന്ന ആവശ്യമെഴുതിയ പ്ലക്കാര്‍ഡുകളുമായി ഹാളിനകത്ത് സമരം ചെയ്തു.
ഇന്നലെ നടന്ന നഗരസഭ കൗണ്‍സിലില്‍ മുന്‍ കൗണ്‍സിലില്‍ പാസാക്കിയ തീരുമാനം സെക്രട്ടറി പോലും അറിയാതെ ചെയര്‍പേഴ്‌സണ്‍ വെട്ടിതിരുത്തിയെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളത്തിന് തുടക്കം കുറിച്ചത്.
കൗണ്‍സില്‍ മീറ്റിങ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ മിനിറ്റ്‌സിന്റെ പകര്‍പ്പ് അംഗങ്ങള്‍ക്ക് ലഭിക്കണമെന്നിരിക്കെ കഴിഞ്ഞ നാല് കൗണ്‍സിലിന്റെ മിനിറ്റസ് ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു.
വാര്‍ഡ് സഭ അംഗീകരിച്ച ഗുണഭോക്ത ലിസ്റ്റ് കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ചു വരുന്ന മാര്‍ച്ചുമാസത്തിനു മുന്‍പായി ഗുണഭോക്താക്കള്‍ക്ക് പദ്ധതി ആനുകൂല്യംവിതരണം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഇത് പാസാക്കാന്‍ പറ്റില്ലെന് ചെയര്‍പെഴ്‌സനും എല്‍.ഡി.എഫിലെ കൗണ്‍സിര്‍മാരും നിലപാട് എടുത്തതും ബഹളത്തിനു കാരണമായി.
കൂടാതെ നഗരസഭയുടെ പാലിയേറ്റീവ് കെയറിനായി ഏതാനും നാളുകള്‍ക്ക് മുന്‍പ് ലേക് ഷോര്‍ ആശുപത്രി നല്‍കിയ ശീതീകരിച്ച വാഹനം നഗരസഭയിലെ എല്‍.ഡി.എഫ് അംഗങ്ങള്‍ വിവാഹ ആവശ്യങ്ങള്‍ക്കും, മറ്റു വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനെയും കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യം ചെയ്തു.
തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളും കോണ്‍ഗ്രസിനെ പിന്തുണക്കുന്ന സ്വതന്ത്ര കൗണ്‍സിലര്‍മാരും ചേര്‍ന്ന് സെക്രട്ടറിയെ ഉപരോധിച്ചു. ഇവിടെ രണ്ട് കോണ്‍ഗ്രസ് വിമത അംഗങ്ങളുടെ പിന്തുണയോടെ മുപ്പത്തിമൂന്ന് അംഗ കൗണ്‍സിലില്‍ ഭൂരിപക്ഷം യു. ഡി.എഫിനാണെങ്കിലും ചെയര്‍പെഴ്‌സന്‍ എല്‍.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്രയായ ദിവ്യ അനില്‍ കുമാറാണ്.
ഈ മാസം ആറ് മാസം പൂര്‍ത്തിയാക്കുന്ന ഇവരെ അവിശ്വാസ പ്രമേയത്തിലൂടെ മാറ്റാനിരിക്കെയാണ് മര്‍ദനകേസില്‍ പെട്ട് വൈസ് ചെയര്‍മാന്‍ ആന്റണി ആശാം പറമ്പിലും, കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്റും റിമാന്റിലായത്. ഇവരെ കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശാനുസരണം കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."