മൂവാറ്റുപുഴ കാരക്കുന്നം പള്ളിയിലും സ്‌കൂളിലും കവര്‍ച്ച
മൂവാറ്റുപുഴ: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലും പള്ളിയോടുചേര്‍ന്നുള്ള ഫാത്തിമ മാതാ എല്‍.പി സ്‌കൂളിലും മോഷണം. മൂന്ന് നേര്‍ച്ചപ്പെട്ടികള്‍ കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. പള്ളിക്കകത്തുള്ള നേര്‍ച്ചപ്പെട്ടികളും പള്ളിയുടെ താഴെയായുള്ള അല്‍ഫോന്‍സാമ്മയുടെ ഗ്രോട്ടോയിലുള്ള നേര്‍ച്ചപ്പെട്ടിയുമാണ് കുത്തിപ്പൊളിച്ചത്.
ബുധനാഴ്ച രാത്രി 12നും ഇന്നലെ പുലര്‍ച്ച അഞ്ചിനും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. മൂന്ന് നേര്‍ച്ചപ്പെട്ടികളും സ്‌കൂളിന്റെ അലമാരയും കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ അഞ്ചുമണിയോടെ പള്ളിയിലെത്തിയ കപ്യാര്‍ പി.പി ചാക്കോയാണ് മോഷണം നടന്നതായി ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പള്ളി വികാരി ഫാ. ജോര്‍ജ് കുരിശുമൂട്ടിലിനെയും അസിസ്റ്റന്റ് വികാരി പൗലോസ് നെടുതടത്തിലിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വൈദികരുടെ നേതൃത്വത്തില്‍ പള്ളിയിലും പരിസരത്തും പ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തില്‍ നേര്‍ച്ചപ്പെട്ടികള്‍ തല്ലിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. പള്ളിയോട് ചേര്‍ന്ന് മുറ്റത്ത് ചെറിയ നേര്‍ച്ചപ്പെട്ടിയും പള്ളിയുടെ പാരിഷ് ഹാളിന്റെ മുറ്റത്തുനിന്ന് വലിയ നേര്‍ച്ചപ്പെട്ടിയുമാണ് കണ്ടെത്തിയത്. സ്‌കൂളിന്റെ അടുക്കളയില്‍ കിടന്നിരുന്ന തടിക്കഷണങ്ങള്‍ ഉപയോഗിച്ച് പള്ളിയുടെ മുന്‍വശത്തെ വലിയ വാതില്‍ തുറന്നാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.
വികാരി ഫാ. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ പരാതിയെ തുടര്‍ന്ന് കോതമംഗലം പൊലിസ് സ്ഥലത്തെത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി പള്ളിയുടെ പരിസരത്ത് സംശയാസ്പദമായി രണ്ട് വാഹനങ്ങള്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.
എല്ലാ ഞായറാഴ്ചകളിലും നേര്‍ച്ചപ്പെട്ടി തുറക്കാറുള്ളതാണ്. സ്‌കൂളിന്റെ ഓഫിസില്‍ നിന്ന് 500 ഓളം രൂപയും നേര്‍ച്ചപ്പെട്ടിയില്‍ നിന്നും 5000 രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.
സ്‌കൂള്‍ ഓഫിസിനുള്ളിലെ അലമാരയിലെയും മറ്റും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. ആലുവയില്‍ നിന്നും വിരലടയാള വിദഗ്ധരെത്തി തെളിവ് ശേഖരിച്ചു. കോതമംഗലം എസ്.ഐ സി.വി ലൈജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."