സഹകരണ പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചത്:ഡോ.എം രാമനുണ്ണി
ചേര്‍ത്തല : സഹകരണമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്ന് കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം രാമനുണ്ണി പറഞ്ഞു. സഹകരണമേഖല സംരക്ഷണ പ്രചാരണ ചേര്‍ത്തല താലൂക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനംമൂലം രാജ്യത്താകെ ഉണ്ടായ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും മുന്‍കൂട്ടി അറിയാമായിരുന്നുവെന്നത് വ്യക്തമാണ്. എന്നിട്ടും ഈ സാഹചര്യം സൃഷ്ടിച്ചത് കോര്‍പറേറ്റുകളുടെയും ആഗോളമൂലധന ശക്തികളുടെയും താല്‍പര്യം സംരക്ഷിക്കാനാണ്. പുതുതലമുറ ബാങ്കുകളുടെ ഉടമകളായ കോര്‍പറേറ്റുകള്‍ക്ക് ബിസിനസ് വര്‍ധിപ്പിക്കുകയെന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യം. കനത്ത നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകളെ കരകയറ്റുന്നതിനുള്ള ഗൂഢപദ്ധതിയും പ്രകടമാണ്.
കറന്‍സിരഹിത ധനവിനിമയത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ പ്രാചരണത്തിന് പിന്നിലും നിഗൂഢ താല്‍പര്യമാണ്. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഓണ്‍ലൈന്‍ പണമിടപാടിന് പിന്നില്‍ അദൃശ്യമായുള്ള ശക്തികള്‍ക്കും ജനങ്ങളെ കൊള്ളയടിക്കാനുള്ള മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണിത്. കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഈടാക്കുന്ന അധിക തുകയാണ് ചൂഷണത്തിന്റെ ഉപാധി. ഇന്റര്‍നെറ്റ് ദാതാക്കള്‍ സ്‌പെക്ട്രം ലേലത്തിലെടുത്തത് എല്ലാവരും പ്രതീക്ഷിച്ചതിനേക്കാള്‍ ഭീമമായ തുകയ്ക്കാണ്.
ഇവരുമായി നേരത്തെ ധാരണ ഉണ്ടാക്കിയാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് വ്യക്തം. ചില്ലറ വ്യാപാരമേഖലയില്‍ ആഗോളമൂലധന ശക്തികള്‍ക്ക് ആധിപത്യം ഉറപ്പിക്കുകയും വന്‍കിട മാളുകള്‍ക്ക് അസ്തിത്വം ഉറപ്പാക്കുകയും സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്നിലെ ലക്ഷ്യമാണ്.
ഈ സാഹചര്യത്തില്‍ രാഷ്ട്രീയ ഭേദമില്ലാതെ ചെറുത്തുനില്‍പാണ് വേണ്ടതെന്നും രാമനുണ്ണി പറഞ്ഞു.
എന്‍ ആര്‍ ബാബുരാജ് അധ്യക്ഷനായി. നിര്‍മല ശെല്‍വരാജ്, സി വി മനോഹരന്‍, യു മോഹനന്‍, സി കെ ഷാജിമോഹന്‍, എ എസ് സാബു, എന്‍ കെ ഹരിഹരപ്പണിക്കര്‍, വി ഷേബു, പ്രൊഫ. ആര്‍ ചന്ദ്രശേഖരന്‍ നായര്‍, പി കെ സുരേന്ദ്രന്‍, ദിവാകരന്‍ കല്ലുങ്കല്‍, ബിജു എസ് പിള്ള, കെ ജെ രാജീവ്, വി എന്‍ സുരേഷ്, പി എം പ്രവീണ്‍, പി.പ്രസേനന്‍, പി.വി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."