അര്‍ബുദം ചികിത്സിച്ച് പൂര്‍ണ്ണമായും ഭേദപ്പെടുത്താം; ആശ്വാസ വചനങ്ങളുമായി ഡോ. വി.പി ഗംഗാധരന് എത്തി
തൊടുപുഴ: കാന്‍സര്‍ രോഗം പ്രാരംഭദിശയില്‍ തന്നെ ചികിത്സിച്ച് ഭേദപ്പെടുത്താമെന്നും ഇത് ഒരിക്കലും ഭേദപ്പെടില്ലെന്ന ജനങ്ങളുളെ ധാരണ തെറ്റാണെന്നും കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന് പറഞ്ഞു. ആലക്കോട് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 ശതമാനം കാന്‍സര്‍ രോഗങ്ങളും പ്രാരംഭദിശയില്‍ തന്നെ കണ്ടെത്താന്‍ കഴിയും.
അസുഖം മാത്രം വരുന്ന ഭാഗങ്ങളില്‍ സര്‍ജറി നടത്തിയും കീമോതെറാപ്പി ചികിത്സ നടത്തിയും റേഡിയേഷന് നടത്തിയും കാന്‍സറില്‍ നിന്ന് പൂര്‍ണ്ണമായും രോഗികളെ രക്ഷപ്പെടുത്താന്‍ കഴിയും. അസുഖമുള്ള ഭാഗത്ത് നിന്നുള്ള കോശങ്ങളെടുത്ത് പരിശോധന നടത്തിയാണ് കാന്‍സര്‍ രോഗം കണ്ടുപിടിക്കുന്നത്. കാന്‍സര്‍ രോഗത്തിന്റെ ചികിത്സ പോലെ തന്നെ പ്രധാനമാണ് ഇടക്കുള്ള പരിശോധനകളും.
ഒരുതവണത്തെ രക്ത പരിശോധന കൊണ്ട് കാന്‍സര്‍ കണ്ടുപിടിക്കാന്‍ കഴിയില്ല. ബ്ലഡ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രാരംഭ ദിശയില്‍ കണ്ടെത്താന്‍ കഴിയില്ലെന്നും മജ്ജയിലാണ് ഇത് ആദ്യമായി പടരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരുടെ സംശയങ്ങള്‍ക്ക് ഡോ. വി.പി. ഗംഗാധരന് മറുപടി നല്കി. ഒരുമണിക്കൂറോളം നീണ്ടു നിന്ന പഠന സെമിനാറില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, അധ്യക്ഷത വഹിച്ച യോഗം പി.ജെ ജോസഫ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, വെള്ളിയാമറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. എം ദേവസ്യ, തെക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി കാവാലം, ആലക്കോട് പി .എച്ച് .സി മെഡിക്കല്‍ ഓഫീസര്‍ അന്നു മാര്ട്ടിന് എന്നിവര്‍ പ്രസംഗിച്ചു. ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഷാജു എം. ജോസ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."