മോദി-രാഹുല്‍ കൂടിക്കാഴ്ച: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തില്‍ ഭിന്നത. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം മോദിക്കെതിരേ ആഞ്ഞടിക്കുന്നതിനിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയതാണ് മറ്റു പാര്‍ട്ടികളെ ചൊടിപ്പിച്ചത്.
സമാജ്വാദി പാര്‍ട്ടി,ബി.എസ്.പി,എന്‍.സി.പി, ഇടതു പാര്‍ട്ടികള്‍ എന്നിവരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് രാഷ്ട്രപതിയെ കാണാനിരിക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്.പി, ബി.എസ്.പി എന്നീ പാര്‍ട്ടികള്‍ ഇതില്‍ നിന്ന് വിട്ടു നിന്നു. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,രാഹുല്‍ ഗാന്ധി,മന്മോഹന് സിങ്,മറ്റു നേതാക്കള്‍, എം.പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ട് നിവേദനം സമര്‍പ്പിച്ചു.
ഇന്ന് രാവിലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ വച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നോട്ട് നിരോധനത്തില്‍ പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും രൂക്ഷമായി കൊമ്പുകോര്ക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ പ്രശ്നങ്ങളാണ് രാഹുല്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്.
നോട്ട് വിഷയത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹളം മൂലം സ്തംഭിപ്പിച്ചിരുന്നു. എല്ലാവരും കേന്ദ്ര സര്‍ക്കാരിനെതിരേ ഒറ്റക്കെട്ടായായിരുന്നു പ്രതിഷേധിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."