ജീവനക്കാര്‍ കൂട്ട അവധിയില്‍; വില്ലേജ് ഓഫിസ് ഉപരോധിച്ചു
മാവൂര്‍ : വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കൂട്ടത്തോടെ ലീവെടുത്തത് മൂലം പ്രവര്‍ത്തനം നിലച്ച പെരുവയല്‍ വില്ലേജ് ഓഫിസ് മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഈ വര്‍ഷത്തെ കാഷ്വല്‍ലീവ് ഡിസംബറില്‍ എടുത്ത് തീര്‍ക്കുന്ന യജ്ഞത്തിലാണ് ജീവനക്കാരെന്നാണ് ആക്ഷേപം. നാല് ജീവനക്കാരുള്ള ഓഫിസില്‍ ഇന്നലെ ഹാജരായത് ഒരു വില്ലേജ് അസിസ്റ്റന്റ് മാത്രമാണ്. ഒരാഴ്ചയായി ഇതേ അവസ്ഥയാണ്.
വില്ലേജ് ഓഫിസര്‍ ഈ മാസം 31 വരെ അവധിയെടുത്തിരിക്കയാണ്. ചുമതലയുള്ള മാവൂര്‍ വില്ലേജ് ഓഫിസറും ഒരു ദിവസം മാത്രമാണ് ഹാജരായത്. സര്‍ട്ടിഫിക്കറ്റുകള്‍ നല്കാന് ചുമതലപ്പെട്ട സ്പെഷല്‍ വില്ലേജ് ഓഫിസര്‍ ഓഫിസിലെത്താനോ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കാനോ തയാറാകുന്നുമില്ല.
ഇന്നലെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തിയവരെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് മിന്നല്‍ ഉപരോധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരെത്തിയത്. സര്‍ട്ടിഫിക്കറ്റ് നല്കാന് സംവിധാനമില്ലെങ്കില്‍ ഓഫിസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പിന്നീട് തഹസില്‍ദാര്‍ അടുത്തദിവസം മുതല്‍ ഓഫിസില്‍ ജീവനക്കാരുടെ പൂര്‍ണ സേവനം ഉറപ്പാക്കുമെന്ന് അറിയിച്ചു.
തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് ഉനൈസ് പെരുവയല്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ കായലം, മജീദ് ആണോറ, ടി.എം.ശിഹാബുദ്ദീന്, അന്‍സാര്‍ പെരുവയല്‍, സംഫീര് എരഞ്ഞിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."