അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്: ഓട്-ഇഷ്ടിക വ്യവസായം പ്രതിസന്ധിയില്‍
കോഴിക്കോട്: അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് കാരണം ഓട്- ഇഷ്ടിക വ്യവസായം വന്‍ പ്രതിസന്ധിയില്‍. കളിമണ്ണിന്റെ ഖനന നിരോധന ഉത്തരവ് പ്രകാരം ഖനനം ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തോട് അടിസ്ഥാനപ്പെടുത്തി കളിമണ്‍ ഖനനത്തിന് അനുയോജ്യമായ സ്ഥലങ്ങളാണെന്നു കാണിച്ചിട്ടുണ്ടെങ്കിലും ഇത്തരം സ്ഥലങ്ങളില്‍ നിന്നുപോലും ഖനനം നടത്താന്‍ സാധിക്കുന്നില്ല.
വിവിധ വകുപ്പുകളുടെ കടുത്ത നിബന്ധനകള്‍ പാലിക്കേണ്ടത് ഇതിന് തടസം നില്‍ക്കുകയാണ്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അംഗീകാരത്തോടെ കളിമണ്‍ കുഴികള്‍ നല്ലയിനം ചുവന്നമണ്ണിട്ട് നികത്തി കൃഷിക്കനുയോജ്യമാക്കിയാണ് ഇതുവരെ ഓട് കമ്പനികള്‍ ഖനനം ചെയ്തിരുന്നത്. പരിസ്ഥിതി സൗഹൃദപരമായ രീതിയില്‍ നടത്തുന്ന വ്യവസായത്തിന്റെ തകര്‍ച്ച ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരുലക്ഷത്തോളം തൊഴിലാളികളെയാണ് ബാധിക്കുക.
ഫറോക്ക് ഭാഗത്ത് ഇതിനോടകം ഒരു കമ്പനി അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാവാത്തതിനാല്‍ അടച്ചു പൂട്ടിയിട്ടുണ്ട്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം മറ്റു സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായിരുന്നെങ്കിലും പലയിടങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് കളിമണ്ണിന്റെ ലഭ്യതയില്‍ വ്യതിയാനമുണ്ടായതെന്ന് വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ പറഞ്ഞു.
10000 ഓടുകള്‍ ഉത്പാദിപ്പിച്ചിരുന്ന സ്ഥാപനങ്ങളില്‍ 3000 മുതല്‍ 5000 ഓടുകളാണ് ദിനേന ഉത്പാദിപ്പിക്കുന്നത്. ചൈനയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന സെറാമിക് ഓടുകളുടെ അനിയന്ത്രിതമായ വരവും ഇതിനെ ബാധിച്ചിട്ടുണ്ടെന്ന് ഓട് വ്യവസായ സംരക്ഷണ സമിതി സെക്രട്ടറി എം.എ അബ്ദുറഹിമാന്‍ പറഞ്ഞു. രണ്ടുവര്‍ഷമായി അധികൃതരുടെ ഭാഗത്ത് നിന്ന് അനങ്ങാപ്പാറ നയമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ദിവസം ജോലിയുണ്ടെങ്കില്‍ രണ്ടും ദിവസം ജോലിയില്ലാത്ത അവസ്ഥയാണുള്ളതെന്ന് തൊഴിലാളി പ്രതിനിധി സുധീഷ് ചെറുവണ്ണൂര്‍ സുപ്രഭാതത്തോട് പറഞ്ഞു. അസംസ്‌കൃത വസ്തുവിന്റെ ലഭ്യത ഉറപ്പു വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോവുമെന്ന് സംസ്ഥാന ഓട് വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ കണ്‍വെന്‍ഷന്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.കെ.സി മമ്മദ് കോയ എം.എല്‍.എ അധ്യക്ഷനായി. തോമസ് കാണിച്ചായി, എം.ഖാലിദ്, കെ.സി അബു, ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍, ടി.വി ബാലന്‍, പി.കെ മുകുന്ദന്‍, ടി.പി ദാസന്‍, കെ.ജി പങ്കജാക്ഷന്‍, മുക്കം മുഹമ്മദ്, കെ.സി രാമചന്ദ്രന്‍, വി. രാധാകൃഷ്ണന്‍, അഡ്വ.എം രാജന്‍ സംസാരിച്ചു. എം.എ അബ്ദുറഹിമാന്‍ സ്വാഗതവും പി. സുബ്രഹ്മണ്യന്‍ നായര്‍ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."