നോട്ട് നിരോധനം: സ്വകാര്യ ആശുപത്രികളും നഷ്ടത്തിലേക്ക്
കോഴിക്കോട്: അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതോടെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും വലിയ വരുമാന നഷ്ടം. ശസ്ത്രക്രിയകളുടെ എണ്ണത്തിലും വലിയ കുറവാണുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയകളില്‍ 25 ശതമാനത്തോളം കുറവു വന്നു. നവംബര്‍ 24 വരെ പഴയ നോട്ടുകള്‍ ആശുപത്രികളില്‍ സ്വീകരിച്ചിരുന്നു. അതിനു ശേഷമാണ് ശസ്ത്രക്രിയകള്‍ പലതും മുടങ്ങിയത്. മിക്ക ആശുപത്രികളിലും ശസ്ത്രക്രിയയ്ക്ക് വലിയ തുക വേണം. എന്നാല്‍ അത്രയും തുക ബാങ്കില്‍ നിന്നും പിന്‍വലിക്കണമെങ്കില്‍ ആഴ്ചകളോളം സമയമെടുക്കും. ഇതാണ് രോഗികളുടെ ബന്ധുക്കളെ വലയ്ക്കുന്നത്.
മിക്ക രോഗികളുടെ കൈയിലും പഴയ പണമായതും, രോഗിക്കു കൂട്ടിരിക്കുന്നതിനു പകരം ബാങ്കില്‍ പോയി വരി നില്‍ക്കാനാകാത്തതുമെല്ലാം രോഗികളെ പ്രതിസന്ധിയിലാക്കി. അത്യാവശ്യത്തിന് പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ പലരും ശസ്ത്രക്രിയകള്‍ തല്‍ക്കാലത്തേക്ക് നീട്ടിവെച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ മാത്രമാണ് മിക്ക ആശുപത്രികളിലും നടന്നത്. പെട്ടെന്ന് നോട്ടു നിരോധനം വന്നതോടെ സര്‍ജറി നീട്ടി വെക്കാന്‍ രോഗികള്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.
ചിലര്‍ ആ ദിവസം ആശുപത്രിയിലെത്തിയതുമില്ല. അഡ്മിറ്റ് ആകാനും ആളുകള്‍ മടിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഡിസ്ചാര്‍ജ് ദിവസം ചില്ലറ കിട്ടാത്തതിനാല്‍ ഒരു ദിവസം അധികം ആശുപത്രിയില്‍ കിടക്കേണ്ടി വന്നവരുമുണ്ട്. കൈയില്‍ എ.ടി.എം കാര്‍ഡില്ലാത്ത സാധാരണക്കാരാണ് പ്രതിസന്ധിയിലായവരില്‍ ഭൂരിഭാഗവും. അടിയന്തര സാഹചര്യത്തില്‍ ആവശ്യമാകുന്ന മരുന്നുകള്‍ വാങ്ങുന്നതിനും രോഗികളുടെ കൂടെ നില്‍ക്കുന്നവര്‍ പ്രയാസപ്പെടുകയാണ്. എല്ലാവരുടെ കൈയിലും 2000ത്തിന്റെ നോട്ടുകള്‍ മാത്രമാണ് ഉള്ളത്. ഇതുപയോഗിച്ച് മരുന്നുകള്‍ വാങ്ങാനോ ഭക്ഷണം വാങ്ങാനോ പോലും ഇവര്‍ക്ക് സാധിക്കുന്നില്ല. മരുന്നിനു പകരം ചില്ലറയ്ക്ക് നെട്ടോട്ടമോടേണ്ട സാഹചര്യത്തിലാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."