സര്‍ക്കാര്‍ ബസുകളില്‍ മോഷണം നടത്തിവന്ന യുവതികള്‍ അറസ്റ്റില്‍
പേരൂര്‍ക്കട: സര്‍ക്കാര്‍ ബസുകളില്‍ സഞ്ചരിച്ച് യാത്രക്കാരുടെ രേഖകളും പണവും അപഹരിച്ച് രക്ഷപ്പെട്ടിരുന്ന യുവതികളെ മണ്ണന്തല പൊലിസ് പിന്തുടര്‍ന്ന് പിടികൂടി. തമിഴ്‌നാട് സേലം സ്വദേശിനികളായ കാളി (34), ദേവയാനി (24) എന്നിവരാണ് പിടിയിലായത്. സ്ത്രീകളുടെ ബാഗുകളും ലഗേജുകളും കീറി പണവും രേഖകളും മോഷ്ടിക്കുകയാണ് ഇവരുടെ രീതി. കഴിഞ്ഞ ഒരുമാസമായി ഇവര്‍ തിരുവനന്തപുരത്ത് ചുറ്റിക്കറങ്ങുകയായിരുന്നു. ഇവര്‍ക്കെതിരേ നഗരത്തിലെ മിക്ക സ്റ്റേഷനുകളിലും പരാതി ലഭിച്ചിരുന്നു.
തിരുവനന്തപുരത്തുനിന്ന് വെഞ്ഞാറമൂട്ടിലേക്കു പോകുകയായിരുന്ന ബസ്സില്‍ മോഷണം നടത്തിയ ഇവരെ വെഞ്ഞാറമൂട് നിന്നാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. നാടോടിസ്ത്രീകളെ ചോദ്യം ചെയ്തതില്‍ നിന്ന് നിരവധി ബാങ്ക് എടിഎം കാര്‍ഡുകള്‍, ലൈസന്‍സുകള്‍, ഇലക്ഷന്‍ ഐ.ഡി കാര്‍ഡുകള്‍ എന്നിവ മോഷ്ടിച്ചതായി ഇവര്‍ സമ്മതിച്ചു. 1500 ഓളം രൂപയും പിടികൂടിയിട്ടുണ്ട്. മണ്ണന്തല എസ്‌ഐ എസ്. ഷാജി, അഡീ. എസ്‌ഐ മധു, സിപിഒമാരായ ഹരി, ഷിജി, വനിതാ പോലീസ് ജയലക്ഷ്മി എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയ മോഷ്ടാക്കളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."