അലെപ്പോയില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേരെ സൈന്യം വെടിവച്ചു കൊന്നു
അലെപ്പോ: വെടിനിര്‍ത്തലിന്റെ ഭാഗമായി കിഴക്കന്‍ അലെപ്പോയില്‍ നിന്ന് ഒഴിപ്പിക്കല്‍ നടത്തുന്നതിനിടെ സൈന്യത്തിന്റെ വെടിവയ്പ്പ്. രക്ഷാപ്രവര്‍ത്തനം നടത്തുന്ന നാലു പേര് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു.
രക്തരൂക്ഷിതമായ കിഴക്കന്‍ അലെപ്പോയില്‍ നിന്ന് പടിഞ്ഞാറന്‍ അലെപ്പോയിലേക്ക് ആളുകളെ ഒഴിപ്പിക്കുന്നത് സിറിയന്‍ സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് വ്യഴാഴ്ച മുതല്‍ ഒഴിപ്പിക്കല്‍ നടന്നിരുന്നത്. പക്ഷെ, ആളുകള്‍ പ്രശ്നമുണ്ടാക്കുന്നുവെന്ന കാരണമുണ്ടാക്കി ബശാര്‍ സൈന്യം ഒഴിപ്പിക്കല്‍ പെട്ടെന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. കിഴക്കന്‍ അലെപ്പോ കൈയ്യാളുന്ന വിമത വിഭാഗം ശക്തിയേറിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും തടവുകാരെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമാരോപിച്ചാണ് സര്‍ക്കാര്‍ നടപടി.
നാല്‍പ്പതിലധികം ബസുകളിലായി 3000 ത്തോളം ജനങ്ങളെയാണ് അലെപ്പോയില്‍ നിന്ന് അയല്‍പ്രദേശമായ ഇദ്ലിബ് പ്രവിശ്യയിലേക്ക് വ്യാഴാഴ്ച മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ 8000 പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നാണ് സര്‍ക്കാര്‍ നിയന്ത്രിത സന ടി.വി അവകാശപ്പെടുന്നത്. ഇതില്‍ പോരാളികളുമുണ്ടെന്നും അവര്‍ ആരോപിക്കുന്നു.
ഒഴിപ്പിക്കല്‍ നടപടി പൊടുന്നനെ റദ്ദാക്കിയതോടെ ആയിരക്കണക്കിന് പേര് കിഴക്കന്‍ അലെപ്പോയില്‍ കുടുങ്ങിക്കിടക്കുകയാണ്. നിരവധി മൃതദേഹങ്ങളും ഇവിടെ കെട്ടിക്കിടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."