ബഹളത്തില്‍ മുങ്ങി ശീതകാല സമ്മേളനത്തിന് സമാപനം ഇരുസഭകളും നേരത്തെ പിരിഞ്ഞു
ന്യൂഡല്‍ഹി: ഒരുമാസംനീണ്ടുനിന്ന പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ബഹളത്തോടെ സമാപിച്ചു. കഴിഞ്ഞമാസം 16നു തുടങ്ങിയ സമ്മേളനത്തില്‍ ഇന്നലെയടക്കം 21 പ്രവൃത്തിദിനങ്ങളാണുണ്ടായിരുന്നത്. അന്തരിച്ച അംഗങ്ങള്‍ക്കുള്ള അനുശോചനവും മറ്റു പതിവുനടപടിക്രമങ്ങളും കഴിഞ്ഞു പിരിഞ്ഞ ആദ്യ ദിനമൊഴികെയുള്ള ബാക്കി 20 ദിവസവും സഭ ഏറെക്കുറേ സ്തംഭിച്ചു.
നോട്ട് നിരോധനത്തിനു പുറമെ ഏകസിവില്‍കോഡ്, ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനം, ദലിത് പീഡനം തുടങ്ങിയ വിഷയങ്ങളും സഭയില്‍ ചൂടേറിയചര്‍ച്ചയ്ക്കു കാരണമാവുമെന്നു കരുതിയെങ്കിലും പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ബഹളംവയ്ക്കുകയായിരുന്നു. നോട്ട് നിരോധന വിഷയത്തില്‍ രാജ്യസഭയുടെ ആദ്യദിനത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ചര്‍ച്ചനടന്നത്. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചവേണമെന്ന് ആദ്യം ആവശ്യപ്പെട്ട പ്രതിപക്ഷം പിന്നീട് അയഞ്ഞെങ്കിലും ഇക്കാര്യത്തില്‍ ഗൗരവചര്‍ച്ച നടന്നതേയില്ല. ഇതിനിടെ പ്രധാനമന്ത്രിയുടെ സാന്നിധ്യവും പങ്കാളിത്തവും ആവശ്യപ്പെട്ടും പ്രതിപക്ഷം ബഹളംവച്ചു. സഭയുടെ അവസാനദിവസങ്ങളില്‍ അഗസ്റ്റാവെസ്റ്റ്‌ലാന്‍ഡ് ഇടപാട് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു ഭരണപക്ഷവും കൂടെ ബഹളംവച്ചപ്പോള്‍ ഒരു സെഷന്‍ മൊത്തം ബഹളത്തില്‍ മുങ്ങുകയായിരുന്നു.
ശീതകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നലെ പ്രധാനമന്ത്രിയും സഭയിലെത്തിയിരുന്നു. ഇന്നലെ ബഹളംമൂലം ഇരുസഭകളും ഉച്ചയോടെ തന്നെ പിരിഞ്ഞു. നോട്ട് വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധമാണു ലോക്‌സഭയില്‍ ഇന്നലെ ബഹളത്തിനു കാരണമായത്. ഇതിനെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് ഉയര്‍ത്തി ഭരണപക്ഷവും നേരിട്ടു. നോട്ട് പിന്‍വലിച്ച വിഷയത്തില്‍ ചര്‍ച്ചവേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. വിഷയം സഭയില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിപക്ഷ ബഹളം. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിഷയം സഭയില്‍ ചര്‍ച്ചചെയ്യാന്‍ തയാറായിരുന്നുവെന്നും എന്നാല്‍, പാര്‍ലമെന്ററികാര്യ മന്ത്രി വീണ്ടുവിചാരമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തുടര്‍ന്ന്, ഭരണ, പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭ ഉച്ചവരെ നിര്‍ത്തിവച്ചു. ചോദ്യോത്തര വേളയിലും പ്രതിപക്ഷ ബഹളം തുടര്‍ന്നു. സഭയില്‍ ഒരു ചോദ്യം ഉന്നയിച്ചെങ്കിലും അതു ബഹളത്തില്‍ മുങ്ങി. ഉച്ചയ്ക്കുശേഷം വിവിധ റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്തു വച്ച് 2.20ഓടെ ലോക്‌സഭ അനിശ്ചിതകാലത്തേക്കു പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. രാജ്യസഭ ഇന്നലെ ചേര്‍ന്നയുടനെ തന്നെ അനിശ്ചിതകാലത്തേക്കു പിരിയുകയായിരുന്നു. വിവിധ റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്തു വച്ചയുടനെ തന്നെ പ്രതിപക്ഷവും ഭരണപക്ഷവും ഉയര്‍ത്തിയ പ്രതിഷേധത്തില്‍ സഭ മുങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."