റാഗിങിനിരയായ വിദ്യാര്‍ഥിയുടെ മൊഴി കോട്ടയം ഡി.വൈ.എസ്.പി രേഖപ്പെടുത്തി
തൃശൂര്‍: കോട്ടയം നാട്ടകം പോളിടെക്‌നിക് കോളജിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങിനെ തുടര്‍ന്ന് വൃക്ക തകരാറിലായ ഇരിങ്ങാലക്കുട സ്വദേശി അവിനാശിന്റെ (22) മൊഴി കോട്ടയം ഡി.വൈ.എസ്.പി അജിത് രേഖപ്പെടുത്തി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ നഗ്‌നരാക്കി നിര്‍ത്തിയും വിഷം കലര്‍ത്തിയ മദ്യം കുടിപ്പിച്ചുമാണ് റാഗിങിനിടെ പീഡിപ്പിച്ചത്.
നഗ്‌നരാക്കി പീഡിപ്പിക്കുന്ന രംഗം വാട്ട്‌സ്ആപില്‍ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് താനും പീഡനത്തിനിരയായ മറ്റു വിദ്യാര്‍ഥികളും റാഗിങ്ങിനെ കുറിച്ച് പുറത്തറിയിക്കാതിരുന്നതെന്നാണ് അവിനാശിന്റെ മൊഴി. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ താനും ഷൈജുവും നിവൃത്തിയില്ലാതെ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ അരാജകത്വ ഭരണമാണ് നടന്നിരുന്നതെന്നും അവിനാശ് മൊഴി നല്‍കി.
സീനിയര്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്ന സമയത്ത്് ജൂനിയര്‍ വിദ്യാര്‍ഥികള്‍ കഴിക്കാന്‍ പാടില്ല, സീനിയേഴ്‌സിനു മുമ്പില്‍ ഇരിക്കരുത്, ഷൂസ് ധരിക്കരുത് തുടങ്ങിയ നിബന്ധനകള്‍ കോളജില്‍ നിലനിന്നിരുന്നു. പഴകിയ ഭക്ഷണം ചര്‍ദിക്കുന്നത് വരെ കഴിപ്പിക്കുക, ഭീഷണിപ്പെടുത്തി പണം പിരിക്കുക തുടങ്ങിയ അതിക്രമങ്ങളും നടത്തി. എതിര്‍ക്കുന്നവരെ ഉപദ്രവിക്കുന്നതിനാല്‍ ആരും പ്രതികരിച്ചിരുന്നില്ലെന്നും അവിനാശ് മൊഴി നല്‍കി. സംഭവദിവസം രാത്രി സീനിയര്‍ വിദ്യാര്‍ഥികള്‍ തങ്ങളെ പൂര്‍ണ നഗ്‌നരാക്കിയതിനു ശേഷം ബാത്‌റൂമില്‍ കൊണ്ടുപോയി തലയിലൂടെ വെള്ളം ഒഴിച്ചതിന് ശേഷം ഒറ്റക്കാലില്‍ നിര്‍ത്തി. കാല്‍ കുത്തുമ്പോള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും അവിനാശ് വ്യക്തമാക്കി. അവിനാശിന്റെയും അമ്മയുടെയും പിതാവ് ശിവദാസിന്റെയും മൊഴികള്‍ രേഖപ്പെടുത്തി. തൃശൂരില്‍ അവിനാശ് ചികിത്സയിലുള്ള മദര്‍ ഹോസ്പിറ്റലിലെത്തിയാണ് മൊഴിയെടുത്തത്്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷൈജു.ബി.ഗോപി എന്ന വിദ്യാര്‍ഥിക്കും റാഗിങ്ങില്‍ ഗുരുതരമായ പരുക്കേറ്റിരുന്നു. കേസില്‍ പട്ടികജാതി, പട്ടികവര്‍ഗ പീഡനിരോധന നിയമപ്രകാരമാണ് അവിനാശിനെ ആക്രമിച്ചവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. റാഗിങുമായി ബന്ധപ്പെട്ട് മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അഭിലാഷ്, മനു, രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ റെയ്‌സണ്‍, ജെറിന്‍, നിധിന്‍, പ്രവീണ്‍, ശരണ്‍, ജയപ്രകാശ് എന്നിവര്‍ക്കെതിരെ ചിങ്ങവനം പൊലിസ് കേസെടുത്തിട്ടുണ്ട്. ഇവരെ കോളജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം ഊര്‍ജിതമാക്കുമെന്നും ഒളിവില്‍ പോയ പ്രതികളെ എത്രയും പെട്ടന്നു കണ്ടെത്തുമെന്നും പൊലിസ് ഉറപ്പു നല്‍കിയതായും അവിനാശിന്റെ ബന്ധു അരുണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."