മന്ത്രിമാര്‍ക്ക് തെരുവുനായ്ക്കളെ സമ്മാനമായി നല്കി സെക്രട്ടറിയറ്റില്‍ വേറിട്ട പ്രതിഷേധം
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തിനെതിരേ നടപടി സ്വീകരിക്കാന്‍ തയാറാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ വ്യത്യസ്ത്യരീതിയില് കേരള കോണ്‍ഗ്രസ്സിന്റെ സമരം. കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗമാണ് മന്ത്രിമാര്‍ക്ക് തെരുവുനായ്ക്കളെ സമ്മാനമായി നല്കി സെക്രട്ടേറിയേറ്റിനുമുന്നില്‍ സമരം നടത്തിയത്.
ഇന്നലെ 12ഓടെ സമരഗേറ്റിലാണ് വ്യത്യസ്ഥ സമരം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രവര്‍ത്തകര്‍ പിടികൂടിയ 19 തെരുവുനായക്കളെ ഓരോരോ കൂട്ടിലാക്കി സെക്രട്ടേറിയേറ്റിന് മുന്നില്‍ എത്തിച്ചു. ഓരോകൂട്ടിലും ഏത് മന്ത്രിക്കാണ് നല്‍കുന്നതെന്ന് ബോര്‍ഡും വച്ചു. പ്രതിഷേധ സമരം കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി ചെയര്മാന് പി.സി തോമസ് ഉദ്ഘാടനം ചെയ്തു. തെരുവുനായക്കള്‍ക്ക് കിട്ടുന്ന പരിഗണന മനുഷ്യര്‍ക്ക് ലഭ്യമാക്കാന്‍ മന്ത്രിമാര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പി.സി.തോമസിന്റെ നേതൃത്വത്തില്‍ നായക്കള്‍ക്ക് ആഹാരം നല്‍കിയശേഷം മുഖ്യമന്ത്രിക്ക് നല്കുവാനുള്ള പട്ടിയുമായി സെക്രട്ടേറിയേറ്റിലേക്ക് കടക്കുവാനുള്ള ശ്രമം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നായക്കളെ മന്ത്രിമാര്‍ക്ക് നല്കാന് സെക്രട്ടേറിയേറ്റ് പടിക്കലെ പോലീസുകാര്‍ക്ക് മുന്നില്‍ വച്ചശേഷം മടങ്ങി.
നായ്ക്കളെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് എത്തിയ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകരെ സമരം ആരംഭിച്ചപ്പോള്‍ പോലീസ് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് മാറ്റി. അതിനുശേഷം എത്തിയ മൃഗസ്നേഹികളും സമരക്കാരുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് കൂട്ടിലടച്ച തെരുവുനായക്കളെ നഗരസഭാ അധികൃതര്‍ എത്തി ഷെല്‍ട്ടറിലേക്ക് മാറ്റി.
കേരളകോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ പി.ജെ ബാബു അങ്കമാലി, വൈസ് പ്രസിഡന്റ അഹമ്മദ് തോട്ടത്തില്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജോണ്‍ മാത്യു, സുരേന്ദ്രന് നായര്‍, ട്രഷറര്‍ രാജുതോമസ്, മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് രാജലക്ഷ്മി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. പാര്‍ട്ടി ചെയര്മാന് പി.സി.തോമസ് അടക്കം കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."