വില്പനയ്ക്കായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയില്‍
കൊട്ടാരക്കര: വില്പനയ്ക്കായി തമിഴ്നാട്ടില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ടു വന്ന നാലു കിലോ കഞ്ചാവുമായി രണ്ടു പേരെ റൂറല്‍ എസ്.പിയുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് ടീം പിടികൂടി. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ തെറ്റിച്ചിറ വീട്ടില്‍ സ്റ്റീഫന്‍ എന്ന് വിളിക്കുന്ന നജീം (45) ,കോട്ടാത്തല മൂഴിക്കോട് ഊരഴികത്ത് വീട്ടില്‍ സന്തോഷ് (മൂഴിക്കോട് സന്തോഷ്) (43) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 11 ന് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇരുവരെയും പിടികൂടിയത്. മധുരയ്ക്കടുത്തുള്ള ഉസ്ലാം പെട്ടിയില്‍ നിന്നും കഞ്ചാവ് വാങ്ങി മധുര-പുനലൂര്‍ പാസഞ്ചറിലാണ് ഇവര്‍ കൊട്ടാരക്കരയില്‍ എത്തിയത്. കഞ്ചാവ് വാങ്ങാന്‍ മറ്റു ചിലര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നതായും പൊലിസ് സംശയിക്കുന്നുണ്ട്. നജീം നേരത്തെ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. സന്തോഷ് മോഷണം, അടിപിടി കേസുകളില്‍ പ്രതിയാണ്.
കൊട്ടാരക്കര തഹസീല്‍ദാര്‍ ദിവാകരന് നായരുടെ സാന്നിധ്യത്തില്‍ പൊലിസ് തൊണ്ടി മുതല്‍ അളവ് തൂക്കം നടത്തി സീല്‍ ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഒന്നര ലക്ഷം രൂപ വിലവരുമെന്ന് പൊലിസ് പറഞ്ഞു.
കൊട്ടാരക്കര പ്രിന്‍സിപ്പല്‍ എസ്.ഐ ശിവപ്രകാശ്, എസ്.ഐ സലീം റാവുത്തര്‍, എസ്.ഐ ബിനോജ്, ആന്റി നര്‍ക്കോട്ടിക്ക് ടീം അംഗങ്ങളായ ഷാജഹാന്, ശിവശങ്കരപിള്ള, ആഷിര്‍കോഹൂര്‍, അജയകുമാര്‍, ബിനു സി.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."