വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട മണ്ണുപരിശോധന തുടങ്ങി
കോവളം: അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖനിര്‍മാണം തുടങ്ങിയശേഷമുള്ള കടലിലെ രണ്ടാംഘട്ട മണ്ണുപരിശോധന തുടങ്ങി. കടലിന്റെ അടിത്തട്ടിലെ സീബെഡ്ഡിലെ മണ്ണുപരിശോധയാണ് ആരംഭിച്ചത്. കൂറ്റന്‍ ജിയോ ടെക്‌നിക്കല്‍ ഡ്രില്ലിംഗ് ബാര്‍ജില്‍ കൂട്ടിയോജിപ്പിച്ച് ഘടിപ്പിച്ച യന്ത്രസംവിധാനമുപയോഗിച്ചാണ് പരിശോധന. കടലിന്റെ അടിത്തട്ടിലെ മണ്ണുപാളികളെക്കുറിച്ചും ചെളി, പാറ എന്നിവയെകുറിച്ചും അറിയാന്‍ കംപ്യൂട്ടര്‍ നിയന്ത്രണത്തിലുളള യന്ത്രസംവിധാനമാണ് ഉപയോഗിക്കുന്നത്. ആവശ്യമെങ്കില്‍ കടലിന്റെ അടിത്തട്ടിലെ പാറ തുരന്നുള്ള പരിശോധനയും പഠനവും നടത്തും. പാറകളുടെ നിലവിലെ സ്ഥിതി, അടിത്തട്ടിലെ മണ്ണിന്റെ പാളികള്‍ എന്നിവയും വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടക്കുന്ന നിര്‍മാണത്തിനൊപ്പം ഇനിയുള്ള കടല്‍ കുഴിക്കലും പുലിമുട്ട് നിര്‍മാണവുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനായി രണ്ടാംഘട്ട ആഴക്കടല്‍ മണ്ണുപരിശോധന നടത്തുന്നത്.
തീരത്ത് നിന്ന് 5 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നതെന്നാണ് സൂചന. സീ ഗ്രോ ജിയോടെക് എന്ന ബോംബെ ആസ്ഥാനമായുള്ള കമ്പനിയാണ് തുറമുഖ നിര്‍മാണ കമ്പനിക്ക് വേണ്ടി പഠനം നടത്തുന്നത്.
നേരത്തെ തുറമുഖ കമ്പനിയായ വിസില്‍ നേരിട്ട് നടത്തിയ പഠനത്തിന്റെ ചുമതലയും ഈ കമ്പനിക്കായിരുന്നു. ഇതോടൊപ്പം കടല്‍ കുഴിക്കുന്ന സമയത്ത് കടലിന്റെ അടിത്തട്ടിലുണ്ടാകുന്ന ചെളിക്കലക്കം മൂലം ആവാസ വ്യവസ്ഥയില്‍ വരുന്ന വ്യത്യാസം അറിയുന്നതിനായുള്ള വേറൊരു കമ്പനിയുടെ നേതൃത്വത്തില്‍ പഠനവും നടക്കുന്നുണ്ട്. ഇതിനായി വിഴിഞ്ഞം കടലിന്റെ മൂന്ന് ഭാഗങ്ങളിലായി ടര്‍ബിടിറ്റിബോയകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും ശേഖരിച്ചാണ് പുലിമുട്ടിന്റെയും കടല്‍ക്കുഴിക്കലടക്കമുള്ള തുറമുഖ നിര്‍മാണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."