റേഷന്‍ കാർഡ്: മുന്‍ഗണനാപട്ടികയില്‍ അനര്‍ഹര്‍ക്കൊപ്പം അര്‍ഹതയുള്ളവരും പുറത്ത്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കിയ കൂട്ടത്തില്‍ അര്‍ഹതയുള്ളവരും പുറത്തായി. ഏകദേശം 12 ലക്ഷത്തിലധികംപേര്‍ പുറത്താവുമ്പോള്‍ ഇത്രയുംപേര്‍ പുതുതായി അര്‍ഹത നേടുകയും ചെയ്തു.
കരടുപട്ടിക സംബന്ധിച്ച പരാതികളില്‍ ഹിയറിങ് അവസാനിച്ചതോടെ പുറത്തുവന്ന കണക്കുകളാണിത്. പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍തന്നെ ബി.പി.എല്ലിന് (മുന്‍ഗണനാ ലിസ്റ്റ്) അര്‍ഹതയുള്ളവരായി കണ്ടെത്തിയവരാണ് ഏറെയും പുതുതായി ഇടംപിടിച്ചത്. അര്‍ഹതയുള്ളവരെ പാടേ പുറന്തള്ളിയാണു നേരത്തെ പട്ടിക പുറത്തിറക്കിയിരുന്നത്. ആകെയുള്ള 80,22,353 റേഷന്‍ കാര്‍ഡ് ഉടമകളില്‍ 28,37,236 മുന്‍ഗണനാ കാര്‍ഡുകളും 59,55,800 അന്ത്യയോജന കാര്‍ഡുകളും ഉള്‍പ്പെടുന്ന 1,54,80,041 ഗുണഭോക്താക്കളുടെ കരടുപട്ടികയാണു പ്രസിദ്ധീകരിച്ചത്.
നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് അനര്‍ഹമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചത് 36,000 പേരാണ്. കരടുപട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ആകെ 16,03,239 പരാതികള്‍ ലഭിച്ചതില്‍ 2,17,444 പേരുടെ പരാതികള്‍ പരിഗണിച്ചില്ല. ഇനി പരാതിയുള്ളവര്‍ക്ക് 22 വരെ ജില്ലാ കലക്ടള്‍ക്കു പരാതി നല്‍കാന്‍ അവസരമുണ്ട്. ജനുവരി അഞ്ചിനകം ജില്ലാ കലക്ടര്‍മാര്‍ അപ്പീലുകളില്‍ തീര്‍പ്പു കല്‍പിക്കും. തുടര്‍ന്നു പട്ടിക ഗ്രാമപഞ്ചായത്തുകള്‍ക്ക് അയച്ചുകൊടുക്കും. 15 ദിവസത്തെ പരിശോധനാ സമയപരിധിക്കുശേഷം ഫെബ്രുവരി 15നകം ഗ്രാമപഞ്ചായത്തുകള്‍ പട്ടികക്ക് അംഗീകാരം നല്‍കും.
ഫെബ്രുവരി 28നകം നടപടി പൂര്‍ത്തിയാക്കി മാര്‍ച്ച് ഒന്നിനു പുതുക്കിയ അന്തിമ മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിക്കും. മാര്‍ച്ച് 30നകം പുതിയ റേഷന്‍ കാര്‍ഡ് പ്രസിദ്ധീകരിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം.
പുതുക്കിയ മുന്‍ഗണനാ പട്ടിക വരുന്നതോടെ മുന്‍ഗണന ഇതര സബ്‌സിഡി വിഭാഗം പട്ടികയിലും മാറ്റമുണ്ടാവും. നിരവധി ഉദ്യോഗസ്ഥര്‍ തെറ്റായ രേഖ ഹാജരാക്കിയും വിവരങ്ങള്‍ മറച്ചുവച്ചും ഇപ്പോഴും പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ട്. ഇവര്‍ക്കു പുറമെ ഉന്നത സാമൂഹിക നിലവാരമുള്ളവരും ഗള്‍ഫുകാരും മറ്റും മുന്‍ഗണനാ പട്ടികയില്‍ തുടരുന്നുണ്ട്. ഇവരിപ്പോഴും റേഷന്‍ സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."