ബൈക്കിലെത്തി മാല പിടിച്ചുപറിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍
മാനന്തവാടി: ബസ് കാത്തുനിന്ന വീട്ടമ്മയുടെ കഴുത്തില്‍ നിന്നും ബൈക്കിലെത്തിയ സംഘം സ്വര്‍ണ മാല പിടിച്ചുപറിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. മാനന്തവാടി ആറാട്ടുതറ കൊടിലന്‍ നൗഫല്‍ (24), കണിയാരം പാറങ്കില്‍ പി.ജി ഗോകുല്‍ (21), മുട്ടില്‍ പരിയാരം സ്വദേശി ചേരിക്ക പറമ്പില്‍ മുഹമ്മദലി (21) എന്നിവരെയാണ് കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് എസ്.ഐ ഇസ്മയിലും സംഘവും പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 13ന് മൂളിത്തോട് വച്ച് വാളേരി വട്ടകുളത്തില്‍ ഏലിയാമ്മ ജോസിന്റെ കഴുത്തിലെ മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു ഇവര്‍.
കോഴിക്കോട് കമ്മത്ത് ലൈനില്‍ മോഷണ മുതല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തന്ത്രപൂര്‍വം പൊലിസ് വലയിലാക്കിയത്. വാടകക്ക് കാറെടുത്ത് കറങ്ങുകയാണ് സംഘത്തിന്റെ ഹോബി. നൗഫലും ഗോകുലും ചേര്‍ന്നാണ് മാല തട്ടിയത്. ബൈക്ക് മുഹമ്മദലി ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു. ഗോകുലും നൗഫലും സഹപാഠികളാണ്. പഠനത്തോടൊപ്പം ഫോട്ടോഗ്രാഫി കൂടി തൊഴിലാക്കിയ മുഹമ്മദലി സുഹൃത്ത് വഴിയാണ് ഇവരെ പരിചയപ്പെടുന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നതിലൂടെ അടുത്ത സുഹൃത്തുക്കളായി മാറി. മുഹമ്മദലി ഒരുമാസമായി റെന്റിനുപയോഗിച്ചുവരുന്ന കാറിന്റെ വാടകകൊടുക്കുന്നതിനായും, കൂടാതെ ഇവര്‍ കല്‍പ്പറ്റയില്‍ വിലപറഞ്ഞുറപ്പിച്ച കാറിന്റെ അഡ്വാന്‍സ് നല്‍കുന്നതിലേക്കുമായാണ് മാല മോഷ്ടിച്ചതെന്നാണ് ഇവര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തിലെ നൗഫല്‍ മോഷണ കേസിലും, പീഡന കേസിലും പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്. മാനന്തവാടി കേന്ദ്രീകരിച്ച് കഞ്ചാവ് ഉപയോഗിച്ചവരുന്ന സംഘത്തിലെ പ്രധാനകണ്ണികളാണിവര്‍. കോഴിക്കോട് ടൗണ്‍ എസ്.ഐ ഷിജുവിന്റെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരില്‍ നിന്നും ഒന്നര പവന്‍ തൂക്കം വരുന്ന 12.700 മില്ലി സ്വര്‍ണം കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."