ഫൈസല്‍ വധത്തിന് ഒരുമാസം തികയുന്നു
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധത്തിന് ഒരുമാസം പൂര്‍ത്തിയാകുന്നു. ബാക്കി പ്രതികളെ ഇനിയും പിടികൂടിയില്ല. കൊടിഞ്ഞി പുല്ലാണി അനന്തകൃഷ്ണന് നായര്‍ മീനാക്ഷി ദമ്പതികളുടെ മകനായ ഫൈസല്‍ കഴിഞ്ഞ 19 ന് പുലര്‍ച്ചെയാണ് ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞി ഫാറൂഖ്നഗറില്‍ വെട്ടേറ്റുമരിച്ചത്. റിയാദില്‍ ബദിയ്യയില്‍ വീട്ടുഡ്രൈവറായിരുന്ന ഫൈസല്‍ അവിടെവെച്ച് ഇസ്ലാം മതം സ്വീകരിക്കുകയും നാട്ടിലെത്തിയശേഷം ഭാര്യയെയും മൂന്നു മക്കളെയും ഇസ്ലാംമതത്തിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.
20ന് റിയാദിലേക്ക് തിരിച്ചുപോകാനിരുന്ന ഫൈസല്‍ താമസസ്ഥലമായ കൊടിഞ്ഞി പാലാപാര്‍ക്കിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്നും ഭാര്യാ പിതാവിനെയും അവരുടെ കുടുംബങ്ങളെയും സ്വീകരിക്കാനായി താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയുമായി പോകുമ്പോഴായിരുന്നു സംഭവം. ഫൈസല്‍ കൊല്ലപ്പെട്ട ഗൂഢാലോചന കേസില്‍ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന് പുല്ലാണി സജീഷ് (32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന് (30), ഇയാളുടെ ജ്യേഷ്ഠന് ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെയും കൃത്യം നിര്‍വഹിച്ച കേസില്‍ തിരൂര്‍ പുല്ലൂണി സ്വദേശി ബാബു, കുട്ടാപ്പു, അപ്പു എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ വിവിധ ജയിലുകളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
എന്നാല്‍ കൃത്യം നിര്‍വഹിച്ച മറ്റൊരാളെയും പ്രധാന സൂത്രധാരന്‍ തിരൂര്‍ മഠത്തില്‍ നാരായണനെയും പിടികൂടാന്‍ ഇതുവരെ അന്വേഷണ സംഘത്തിനായിട്ടില്ല. പിടിക്കപ്പെട്ടവരും പിടികൂടാനുള്ളവരും സജീവ ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകരാണ്.
അതേസമയം ഗൂഢാലോചനയില്‍ പങ്കെടുത്തെന്ന് സംശയിക്കപ്പെടുന്ന ചില ആര്.എസ്.എസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്യാനോ ഗൂഢാലോചന നടത്തിയ വിദ്യാനികേതന്‍ സ്കൂളിനും സ്കൂള്‍ അധികൃതര്‍ക്കുമെതിരേ നടപടികളെടുക്കാനോ പൊലിസ് മടിക്കുന്നത് കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനും ഖബര്സിയാറത്തിനും ഇപ്പോഴും ആളുകളുടെ ഒഴുക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."