തുലാവര്‍ഷം ചതിച്ചു: അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍
തിരുവല്ല: തുലാവര്‍ഷം ചതിച്ചതും ജലശ്രോതസുകളില്‍ ജലനിരപ്പ് താണതും അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കര്‍ഷകര്‍ക്ക് പ്രതിസന്ധിയാകുന്നു. പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്തുകളിലെ നാലായിരത്തോളം ഏക്കര്‍ പുഞ്ചയിലാണ് കൃഷി ഇറക്കിയിരിക്കുന്നത്.
ജലദൗര്‍ലഭ്യം മൂലം ഈ വര്‍ഷം കൃഷി ഇറക്കിയതും വളരെ വൈകിയാണ്. വിത്ത് വിതച്ചശേഷം വേണ്ടത്ര വെള്ളം കയറ്റാന്‍ സാധിക്കാതിരുന്നതിനാല്‍ കൈത്തോടുകളില്‍ നിന്നും നീര്‍ച്ചാലുകളില്‍ നിന്നും യന്ത്ര സംവിധാനം ഉപയോഗിച്ചാണ് പാടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. തുലാവര്‍ഷം കനിയുമെന്ന കര്‍ഷകന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് കൊടുംചൂട് ആരംഭിച്ചതോടെ നീര്‍ച്ചാലുകളും തോടും വറ്റിവരണ്ടു. വിത്ത് വിതച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും നെല്‍ച്ചെടികള്‍ക്ക് ആവശ്യമായ ജലം ലഭിക്കാതിരുന്നതിനാല്‍ കളകള്‍ കയറുകയും ഇലവാട്ടവും മുഞ്ഞയും അടക്കമുള്ള രോഗങ്ങളും ബാധിച്ചിട്ടുണ്ട്. ഇതോടെ പണയപ്പെടുത്തിയും കടംവാങ്ങിയും ഏറെ പ്രതീക്ഷയോടെ കൃഷി ഇറക്കിയ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി.
പെരിങ്ങര പഞ്ചായത്തില്‍ മാത്രം 1,800 ഏക്കറില്‍ കൃഷി ഇറക്കിയിട്ടുണ്ട്. എന്നാല്‍ മതിയായ ജലലഭ്യത ഉറപ്പ് വരുത്താന്‍ കളിയാത്തതും ഇവിടെയും പ്രതിസന്ധിയായിട്ടുണ്ട്. ഇതിനായി പാടശേഖര സമിതികള്‍ പലതവണ യോഗം ചേര്‍ന്നു കഴിഞ്ഞു. നിരണം പഞ്ചായത്തിലെ 800 ഏക്കറോളം പാടശേഖരത്തും കൃഷിയിറക്കിയിട്ടുണ്ട്. ഒരേക്കര്‍ കൃഷി വിത്തിട്ട് ഒരുക്കിയെടുക്കുന്നതിന് മാത്രം പതിനായിരത്തോളം രൂപ ചെലവു വരുമെന്ന് കര്‍ഷകര്‍ പറയുന്നു. നെല്ല് കൊയ്‌തെടുക്കുമ്പോള്‍ ഇത് 30,000 രൂപ വരെയാകും. പ്രധാനമായും ജ്യോതി, ഉമ വിത്തുകളാണ് വിതയ്ക്കുന്നത്. ഇവയ്ക്ക് വളരാന്‍ താരതമ്യേന ജലം കൂടുതല്‍ ആവശ്യമുണ്ട്. 110 ദിവസമാണ് വിളവെടുക്കാന്‍ കുറഞ്ഞത് വേണ്ടത്. ഏക്കറിനു ശരാശരി 20 ക്വിന്റല്‍ വരെ വിളവു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തുലാവര്‍ഷം പ്രതീക്ഷകളെ അട്ടിമറിച്ച സാഹചര്യത്തില്‍ വിളവ് കുറയുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."