കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും
കണ്ണൂര്‍: കശ്മീരില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലക്കണ്ടി ഹൗസില്‍ സി രതീഷ് (30) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ ഏക മകനാണിയാള്‍. മൃതദേഹം ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച് നാളെ രാവിലെ 8 മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ നാട്ടിലേക്കു കൊണ്ടുവരും.
ശ്രീനഗര്‍- ജമ്മു ദേശീയപാതയില്‍ പാംപോറിലായിരുന്നു രതീഷ് അടക്കമുള്ള സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മറ്റു രണ്ടു സൈനികരും വീരമൃത്യു വരിച്ചിരുന്നു. മൂന്നു സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ബൈക്കിലെത്തിയ ഭീകരര്‍ സൈനികവാഹനത്തിനു നേരെ ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ടതായും പൊലിസ് അറിയിച്ചു. ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പാംപോര്‍ മേഖലയില്‍ ഈ വര്‍ഷം നിരവധി ഭീകരാക്രമണങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ ഒക്ടോബറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ കടന്ന ഭീകരരെ 60 മണിക്കൂര്‍ നീണ്ട സൈനിക നടപടിക്കു ശേഷമാണ് കൊലപ്പെടുത്താന്‍ കഴിഞ്ഞത്.
ഫെബ്രുവരിയില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഇതില്‍ അഞ്ച് സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ സംഭവസ്ഥലത്ത് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."