ബധിര യുവാവിന്റെ ദുരൂഹമരണം; മര്‍ദനമേറ്റ് തന്നെയെന്ന് ബന്ധുക്കള്‍
തൊടുപുഴ: ബധിര യുവാവിന്റെ മരണം മര്‍ദനമേറ്റാണെന്ന് ബന്ധുക്കള്‍ ആരോപണവുമായി രംഗത്ത്. കഴിഞ്ഞ മാസം 20ന് ജോലിസ്ഥലത്ത് മരണപ്പെട്ട ഇലപ്പള്ളി കണ്ണിക്കല്‍ സാവിയോ (22)യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്. തൊടുപുഴ കെ കെ പി മൈതാനത്തെ മുരുക എഞ്ചിനീയറിംഗ് വര്‍ക്‌സ് എന്ന സ്ഥാപനത്തിലാണ് സാവിയോ ജോലി ചെയ്തിരുന്നത്.
മരിക്കുന്നതിനു നാല് ദിവസം മുന്‍പ് സാവിയോയ്ക്ക് മര്‍ദനമേറ്റിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സംഭവത്തില്‍ പൊലിസ് അന്വേഷണം കാര്യക്ഷമമല്ല. ജില്ല പൊലിസ് മേധാവിയുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇതുവരെയുണ്ടായിട്ടില്ല. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടിട്ടും അന്വേഷണമെങ്ങുമെത്തിയില്ല. വെല്‍ഡിംഗ് ജോലി ചെയ്തിരുന്ന ലെയ്ത്തില്‍ വച്ച് പണിക്കിടെ കുഴഞ്ഞു വീണുവെന്നും ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്നുമാണ് വര്‍ക്ക്‌ഷോപ്പുമായി ബന്ധപ്പെട്ടവര്‍ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹത്തില്‍ കറുത്ത പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് അന്ന് തന്നെ സാവിയോയുടെ മരണത്തില്‍ ദുരൂഹത ഉളളതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് തൊടുപുഴ പൊലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുകയും ചെയ്തു.
സാവിയോ തൊടുപുഴയിലെ ലോഡ്ജിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് എത്തിയപ്പോഴാണ് ബന്ധുക്കളുടെ സംശയം വര്‍ധിച്ചത്. സാവിയോയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം ഏറ്റിട്ടുണ്ടെന്നും കിഡ്‌നിയില്‍ പഴുപ്പും തലയ്ക്കും ശരീരത്തിലും മുറിവുകളും കൈയില്‍ നീല നിറത്തിലുളള പാടുകളുമുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതിനാല്‍ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ നല്‍കിയ പരാതിയിലുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇതൊരു സാധാരണ മരണമായി കാണാന്‍ കഴിയില്ലെന്നാണ് ജില്ലാ പൊലിസ് മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ എക്‌സാമിനറുടെ റിപോര്‍ട്ട് കിട്ടിയിട്ടേ അവസാന നിഗമനത്തിലെത്താനാവൂവെന്ന് കോട്ടയം മെഡിക്കല്‍ കോളജ് പൊലിസ് സര്‍ജന്‍ ഡോ ജയിംസ്‌കുട്ടി ബി.കെ യുടെ റിപ്പോര്‍ട്ടിലുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. സാവിയോയുടെ മരണം സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മാതാവ് മേരിയാണ് ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ വി ജോസഫിന് പരാതി സമര്‍പ്പിച്ചത്. കുടുംബത്തിലെ ഏക അത്താണിയായിരുന്ന സാവിയോയുടെ മരണം ഈ കുടുംബത്തെ പൂര്‍ണമായി തകര്‍ത്തിരിക്കുകയാണ്. സംഭവം ഒതുക്കി തിര്‍ക്കാന്‍ രാഷ്ട്രിയ ഇടപെടലുണ്ടാകുന്നതായും ആരോപണംുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."