ഹെലികോപ്റ്റര്‍ ഇടപാട്: പ്രതിപക്ഷത്തിന്റെ വിവരങ്ങള്‍ നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായതായി ഇടനിലക്കാരന്‍
ന്യൂഡല്‍ഹി:അഗസ്റ്റ വെസ്റ്റ്‌ലന്റ് ഇടപാടില്‍ ആരോപണവിധേയരായ പ്രതിപക്ഷ പാര്‍ട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദമുണ്ടായതായി ഇടപാടിലെ ബ്രിട്ടീഷ് ഇടനിലക്കാരനായ ക്രിസ്ത്യന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. ഒരു ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹെലികോപ്റ്റര്‍ ഇടപാടില്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പ്രതിചേര്‍ത്തിയിട്ടുള്ളയാളാണ് മിഷേല്‍. സി.ബി.ഐ ആവശ്യപ്രകാരം മിഷേലിനെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ത്യയിലെ മിഷേലിന്റെ കമ്പനികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ മിഷേലിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
സി.ബി.ഐ അടക്കമുള്ള ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്കുമുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും എന്നാല്‍ തനിക്ക് ചില ഉപാധികളുണ്ടെന്നും മിഷേല്‍ അറിയിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മറ്റൊരു ഇടനിലക്കാരനായ റാല്‍ഫ് ഗോഡേക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വിസക്ക് അപേക്ഷിക്കാന്‍ കഴിയുമോ എന്ന് ചോദിച്ച് ആറുമാസങ്ങള്‍ക്ക് മുന്‍പ് താന്‍ യു.എ.ഇയിലെ ഇന്ത്യന്‍ ഹൈകമ്മിഷനെ സമീപിച്ചിരുന്നുവെന്നും മിഷേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇടപാടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്ന മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഹെലികോപ്ടര്‍ ഇടപാടിന്റെ കരാര്‍ ലഭിക്കാന്‍ അഗസ്റ്റാ വെസ്റ്റ്‌ലന്‍ഡിന്റെ മാതൃകമ്പനി ഫിന്‍മെക്കാനിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 450 കോടി രൂപ കൈക്കൂലിയായി നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതില്‍ 114 കോടി രൂപ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും ഡയറിക്കുറിപ്പില്‍ മിഷേല്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കൈക്കൂലി ലഭിച്ച രാഷ്ട്രീയ നേതാക്കളുടെ പേരോ മറ്റു വിവരങ്ങളോ ഡയറിക്കുറിപ്പില്‍ ഉണ്ടായിരുന്നില്ല.
ഇന്ത്യയില്‍ ആരെയൊക്കെയാണ് സ്വാധീനിക്കേണ്ടതെന്ന് വ്യക്തമാക്കി ക്രിസ്ത്യന്‍ മിഷേല്‍ യൂറോപ്പിലെ ഫിന്‍മെക്കാനിക്ക മേധാവികള്‍ക്ക് അയച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരുടെ പേരുകളും ചൂണ്ടിക്കാട്ടിയിരുന്നു.
വി.വി.ഐ.പികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്ടറുകള്‍ വാങ്ങാന്‍ 2010ല്‍ അഗസ്റ്റ വെസ്റ്റ്‌ലന്‍ഡുമായി മുന്‍ യു.പി.എ സര്‍ക്കാരാണ് കരാറുണ്ടാക്കിയത്. കരാര്‍ തുകയുടെ 12 ശതമാനമായ 423 കോടി രൂപ കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് ആരോപണം. ഇടപാട് വിവാദമായ സാഹചര്യത്തില്‍ മുന്‍ സര്‍ക്കാര്‍ കരാര്‍ 2014 ജനുവരി ഒന്നിന് റദ്ദാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."