തോല്‍വി: ബി.ജെ.പിയില്‍ പരസ്യവിഴുപ്പലക്കല്‍
ടി അനിരുദ്ധന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പിയില്‍ പരസ്യ വിഴുപ്പലക്കല്‍. തന്റെ തോല്‍വിക്ക് പിന്നില്‍ ജില്ലാസംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന പരാതിയുമായി പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പുറത്തുവരുന്നത്. ശോഭക്ക് പിറകെ ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍ പിള്ളയും പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നു.
പാലക്കാട്ടെ തന്റെ തോല്‍വിക്ക് പിന്നില്‍ ജില്ലാസംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി ബി.ജെ.പി വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം പങ്കെടുത്ത പൊതുയോഗവും പാലക്കാട്ടേതായിരുന്നു. നേരത്തെ, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാലക്കാട്ട് ബി.ജെ.പിക്കുള്ളില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായ സി കൃഷ്ണകുമാറിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കാനായിരുന്നു പ്രാദേശിക നേതൃത്വത്തിന് താല്‍പര്യം.
എന്നാല്‍, ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാകട്ടെയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കൃഷ്ണകുമാറിനെ മലമ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. എന്നാല്‍, പാലക്കാട്ടെ പാര്‍ട്ടി പ്രവര്‍ത്തകരെ കൃഷ്ണകുമാര്‍ പ്രചാരണത്തിനായി മലമ്പുഴയിലേക്ക് കൊണ്ടുപോയെന്നും തനിക്ക് ആവശ്യമായ പിന്തുണ പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചില്ലെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പരാതി. ഇതോടെ, സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടര്‍ന്നുവരുന്ന ഉള്‍പ്പോരാണ് ഇപ്പോള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്.
പാലക്കാട് മണ്ഡലത്തില്‍ ഒരുഘട്ടത്തില്‍ ഇവിടെ വിജയപ്രതീക്ഷയുണര്‍ത്തി മുന്‍പന്തിയിലെത്തിയ ശോഭാ സുരേന്ദ്രന്‍ അവസാനഘട്ടത്തിലാണ് പിന്നോക്കം പോയത്. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എന്‍ കൃഷ്ണദാസിനെ പിന്നിലാക്കി യു.ഡി.എഫിന്റെ ഷാഫി പറമ്പിലിന് പിന്നില്‍ രണ്ടാമതെത്തുകയും ചെയ്തു. 17,483 വോട്ടുകള്‍ക്കായിരുന്നു ഇവിടെ ഷാഫിയുടെ വിജയം.
ചെങ്ങന്നൂരില്‍ ബി.ജെ.പി നേതാക്കള്‍ തന്നെ അവഗണിച്ചതായി ആരോപിച്ച് സ്ഥാനാര്‍ഥിയായിരുന്ന പി. എസ് ശ്രീധരന്‍ പിള്ളയും രംഗത്തു വന്നതോടെ ഗുരുതരമായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളിലുണ്ടെന്ന് വെക്തമായി .
നേതാക്കള്‍ സഹകരിച്ചിരുന്നുവെങ്കില്‍ ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു. കേന്ദ്രമന്ത്രിമാരോ ദേശീയ നേതാക്കളോ ചെങ്ങന്നൂരില്‍ പ്രചാരണത്തിനു എത്തിയില്ലെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. പ്രവര്‍ത്തകര്‍ കൂടെ നടന്ന് പിന്തുണച്ചപ്പോള്‍ ബി.ജെ.പി നേതാക്കള്‍ തന്നെ അവഗണിക്കുകയായിരുന്നു. അല്ലെങ്കില്‍ തനിക്ക് ചെങ്ങന്നൂരില്‍ വിജയിക്കാന്‍ കഴിയുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."