ഐ.എസ്.എല്‍: മൂന്നാം വയസിലെ കിതപ്പും കുതിപ്പും
തിരുവനന്തപുരം: കാല്‍പന്തു കളിയുടെ വസന്തത്തെ വീണ്ടെടുത്ത ഇന്ത്യന്‍ സൂപ്പര്‍ ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിന് കൊടിയിറങ്ങി. ജനപ്രീതിയുടെ കാര്യത്തില്‍ ഇത്തവണയും പന്തുരുണ്ടത് മുന്നോട്ടു തന്നെ. എന്നാല്‍, മുന്‍ സീസണുകളില്‍ നിന്നു വ്യത്യസ്തമായി ഗോളുകളുടെയും ഹാട്രിക്കുകളുടേയും വരള്‍ച്ചയും ദൃശ്യമായി. നേട്ടങ്ങളും കോട്ടങ്ങളുമായാണ് മൂന്നാം സീസണ്‍ അവസാനിച്ചത്. പണാധിപത്യവും കോര്‍പ്പറേറ്റ് താത്പര്യങ്ങളും ഇന്ത്യന്‍ കാല്‍പന്തു കളിയെ വിഴുങ്ങുന്നതും കൂടുതല്‍ ദൃശ്യമായി. മൂന്നു വയസ് മാത്രം പ്രായം തികഞ്ഞ ഐ.എസ്.എല്ലില്‍ രണ്ടാം കിരീടധാരണവുമായി ഇന്ത്യന്‍ ഫുട്‌ബോളിലെ മെക്ക തങ്ങള്‍ തന്നെയെന്ന് അത്‌ലറ്റിക്കോ ഡി. കൊല്‍ക്കത്ത തെളിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിനു ഒരിക്കല്‍ കൂടി കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം നഷ്ടമായി. 120 മിനുട്ടും പെനാല്‍ട്ടി ഷൂട്ടൗട്ടുമായാണു കലാശപ്പോര് അവസാനം കുറിച്ചതെങ്കിലും ത്രില്ലിങ് ഫൈനലാക്കി മാറ്റാന്‍ ഇരുടീമുകള്‍ക്കും കഴിയാതെ പോയി.
രണ്ടര മാസം നീണ്ടു നിന്ന കാര്‍ണിവലില്‍ സോക്കര്‍ പ്രേമികളെ ത്രസിപ്പിച്ച നിരവധി ലോകോത്തര പോരാട്ടങ്ങളും ഗോളുകളും പിറന്നു. എങ്കിലും മൂന്നാം സീസണില്‍ ഗോള്‍ വരള്‍ച്ചയുടെ കാലമായിരുന്നു. ഹാട്രിക്കുകളും കഴിഞ്ഞ സീണണിനെ അപേക്ഷിച്ചു കുറവായിരുന്നു. മൂന്നാം പതിപ്പില്‍ വിരിഞ്ഞത് മൂന്നു ഹാട്രിക്കുകള്‍ മാത്രം. 61 മത്സരങ്ങളില്‍ വലതുളച്ചിറങ്ങിയത് 145 ഗോളുകള്‍. രണ്ടാം പതിപ്പില്‍ എട്ടു ഹാട്രിക്കുകളും 61 കളികളില്‍ നിന്നായി 186 ഗോളുകളുമാണ് പിറന്നത്. മുംബൈ എഫ്.സിയുടെ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ ഹാട്രിക് തികച്ചു. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരേ ചെന്നൈയിന്‍ എഫ്.സിക്കായി ഡുഡുവും ഗോവയ്‌ക്കെതിരേ ഡല്‍ഹി ഡൈനാമോസിന്റെ മാഴ്‌സെലീഞ്ഞോയുമാണ് മൂന്നാം പതിപ്പിലെ ഹാട്രിക്കുകാര്‍. ഡുഡുവിന്റെ ഐ.എസ്.എല്ലിലെ രണ്ടാം ഹാട്രിക്കാണിത്. രണ്ടാം പതിപ്പിലും ഡുഡു ഹാട്രിക് നേടിയിരുന്നു. ആക്രണത്തിന്റെ കുന്തമുനകള്‍ക്കു മുന്നില്‍ പ്രതിരോധക്കോട്ടയിലെ കാവല്‍ക്കാര്‍ ശക്തരായതു ഗോള്‍ വരള്‍ച്ചയ്ക്ക് ഇത്തവണ ആക്കംകൂട്ടി.
ഡിസംബര്‍ ഒന്നിലെ എഫ്.സി ഗോവ ചെന്നൈയിന്‍ എഫ്.സി പോരാട്ടമാണ് മനോഹരമായ നിമിഷങ്ങള്‍ സമ്മാനിച്ചത്. ഫട്ടോര്‍ദയില്‍ ഒന്‍പതു ഗോളുകളാണ് 90 നിമിഷത്തിനിടയില്‍ പിറന്നത്. മൂന്നാം പതിപ്പിലെ ഹോം പോരാട്ടത്തിലെ ഏറ്റവും മികച്ച വിജയം മുംബൈയുടെതായിരുന്നു. നവംമ്പര്‍ 19 ന് ബ്ലാസ്റ്റേഴ്‌സിനെതിരേ അഞ്ചു ഗോളിന്റെ സൂപ്പര്‍ വിജയം നേടി. ഡല്‍ഹി ഡൈനാമോസ് ആയിരുന്നു എവേ പോരാട്ടത്തിലെ ഏറ്റവും മിന്നുന്ന വിജയം സ്വന്തമാക്കിയത്. ഒക്ടോബര്‍ ആറിനു ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ 3-1 ന് ഡല്‍ഹി കെട്ടുകെട്ടിച്ചു. മൂന്നാം പതിപ്പില്‍ മൂന്നു തുടര്‍ വിജയങ്ങളുടെ ക്രെഡിറ്റും ഡല്‍ഹി സ്വന്തമാക്കി.
കിരീടം ചൂടിയ കൊല്‍ക്കത്ത ആറു പോരാട്ടങ്ങളില്‍ വിജയം കൊയ്തു. പ്രാഥമിക റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഡല്‍ഹി ആയിരുന്നു. 14 കളികളില്‍ നിന്ന് 27 ഗോളുകള്‍. രണ്ടു സെമിയില്‍ രണ്ടു ഗോളുകളുടെ സമ്പാദ്യവും. എതിരാളികളില്‍ നിന്നു കിട്ടിയത് 18 ഗോളുകള്‍. ഏറ്റവും കുറച്ച് ഗോളുകള്‍ വഴങ്ങിയ ടീമെന്ന ഖ്യാതി മുംബൈയ്ക്ക് സ്വന്തം. എട്ടു ഗോളുകള്‍. എന്നാല്‍ ഗോവയും ചെന്നൈയിനും ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീമായി. 25 വീതം ഗോളുകളാണ് ഇരു ടീമുകളും വാരിക്കൂട്ടിയത്.
ഡല്‍ഹിയുടെ മാഴ്‌സെലീഞ്ഞോ 15 പോരാട്ടങ്ങളില്‍ നിന്നായി 10 ഗോളുകള്‍ അടിച്ചുകൂട്ടി. ഇതിലൂടെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് അണിഞ്ഞു. അഞ്ചു ഗോളുകള്‍ക്ക് അവസരം ഒരുക്കിയും മാഴ്‌സെലീഞ്ഞോ മികച്ചു നിന്നു. 14 കളികളില്‍ നിന്ന് ഏഴു ഗോള്‍ അടിച്ചു കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂം രണ്ടാമനായി. ഇന്ത്യന്‍ താരങ്ങളിലെ ടോപ് സ്‌കോറര്‍ മലയാളികളുടെ അഭിമാന താരം ബ്ലാസ്റ്റേഴ്‌സിന്റെ സി.കെ വിനീത്. ഒന്‍പത് കളികളില്‍ നിന്നായി അഞ്ചു ഗോളുകളാണ് വിനീത് നേടിയത്.
ഡൈനാമോസിന്റെ റിച്ചാര്‍ഡ് ഗാഡ്‌സെ, മുംബൈയുടെ ഡീഗോ ഫോര്‍ലാന്‍, ഗോവയുടെ റാഫേല്‍ കൊയ്ല്‍ഹോ, ചെന്നൈയിന്റെ ഡുഡു, പൂനെയുടെ അനിബാള്‍, നോര്‍ത്ത്ഈസ്റ്റിന്റെ എമിലിയാനോ അല്‍ഫാരോ എന്നിവരും അഞ്ചു ഗോളുകളുടെ ഉടമകളായി. ഹീറോ ഓഫ് ദി ലീഗ് പട്ടം ഡല്‍ഹിയുടെ ഫ്രഞ്ച് സൂപ്പര്‍താരം ഫ്‌ളോറന്റ് മലൂദയും ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ മുംബൈയുടെ അമരിന്ദര്‍ സിങും എമേര്‍ജിങ് പ്ലെയറായി ചെന്നൈയിന്റെ ജെറി ലാല്‍റിന്‍സുവാലക്കും ഫിറ്റസ്റ്റ് പ്ലയര്‍ ഓഫ് ലീഗായി അത്‌ലറ്റിക്കോയുടെ ബോര്‍ജ ഫെര്‍ണാണ്ടസും അര്‍ഹരായി. ഫെയര്‍ പ്ലേ അവാര്‍ഡ് ചെന്നൈയിന്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."