വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം?
കാളികാവ്: നിലമ്പൂര്‍ വനമേഖലയില്‍ വീണ്ടും സാന്നിധ്യമറിയിച്ചു മാവോയിസ്റ്റുകള്‍. വനത്തിനുള്ളിലെ മണ്ണള കോളനിയിലെ ആദിവാസികളില്‍നിന്നു മാവോയിസ്റ്റുകള്‍ പാത്രങ്ങളും ഭക്ഷണസാധനങ്ങളും ശേഖരിച്ചതായി സൂചനയുണ്ട്. ആദിവാസികളുടെ പിന്തുണയുള്ളതിനാല്‍ മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിനു പ്രയാസമുണ്ടെന്നാണ് പൊലിസ് പറയുന്നത്.
മണ്ണള, മുണ്ടക്കടവ്, പൊട്ടിക്കല്ല് കോളനിയുമായിട്ടാണ് മാവോയിസ്റ്റുകള്‍ നല്ല ബന്ധം സ്ഥാപിച്ചിട്ടുള്ളത്.
നേരത്തേ നടന്ന വെടിവയ്പിന് ശേഷം ആദിവാസികള്‍ പൊലിസുകാരോട് നീരസം അറിയിക്കുയും ചെയ്തിട്ടുണ്ട്. മുണ്ടക്കടവ് കോളനിയില്‍നിന്നു മാവോയിസ്റ്റുകള്‍ക്ക് നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. ഇവിടെനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലുള്ള മണ്ണള കോളനിയെയാണ് വെടിവയ്പിന് ശേഷം മാവോയിസ്റ്റുകള്‍ ആശ്രയിച്ചുവരുന്നത്.
മണ്ണള കോളനിയിലേക്കു പുറത്തുനിന്നെത്താന്‍ വളരെ പ്രയാസമാണ്.
വെടിവയ്പിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍പോലും മാവോയിസ്റ്റുകള്‍ മുണ്ടക്കടവ് കോളനിയിലെത്തിയിട്ടുണ്ട്. ഇവരുടെ കൈവശം വലിയ തോക്കുകളുണ്ടെന്നും വിവിധ ഭാഷകള്‍ അറിയുന്നവര്‍ കൂട്ടത്തിലുണ്ടാകാറുണ്ടെന്നും ആദിവാസികള്‍ പറയുന്നു.
കൊടും വനത്തിനുള്ളില്‍നിന്നു മാവോയിസ്റ്റുകള്‍ പുറത്തുകടന്നിട്ടില്ലെന്നു തന്നെയാണ് പൊലിസിന്റെ നിഗമനം. ഉദ്യോഗസ്ഥര്‍, മലയോരത്തെ പൊലിസ്, വനം സ്റ്റേഷനുകള്‍ എന്നിവയ്ക്കു ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി പ്രതിരോധംതീര്‍ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."