നാട്ടകം പോളി റാഗിങ്; എട്ട് വിദ്യാര്‍ഥികളെ പുറത്താക്കി
കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ റാഗിങുമായി ബന്ധപ്പെട്ട് കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടു വിദ്യാര്‍ഥികളെ പുറത്താക്കിയതായി കോളജ് അധികൃതര്‍ അറിയിച്ചു. അഭിലാഷ് ബാബു, മനു.എസ്, നിധിന്‍.പി, പ്രവീണ്‍.പി, ശരണ്‍.കെ.എം, ജെറില്‍.കെ.പൗലോസ്, ജയപ്രകാശ്.പി.ബി, റയ്‌സണ്‍.ടി.ടി എന്നിവരെയാണ് പുറത്താക്കിയത്. സംഭവത്തില്‍ ഒന്‍പത് പേര്‍ പ്രതിയാണെങ്കിലും അറസ്റ്റിലായ മേലുകാല് സ്വദേശി ശരത്ത് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളെക്കൂടി ഇന്നലെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ചങ്ങനാശേരി ഡിവൈ.എസ്.പി വി.അജിത്ത് മുന്‍പാകെ കീഴടങ്ങിയ വൈക്കം വെള്ളൂര്‍ മടുത്തേടം കരക്കുന്നേല്‍ അഭിലാഷ് ബാബു, മേലുകാവ് കോലാനി കുപ്പിപ്ലാക്കല്‍ ശരത്ത് (23), ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റേ കിഴക്ക് നിധിന്‍ ഭവനില്‍ നിധിന്‍ (18) എന്നിവരെയാണ് ഇന്നലെ ചങ്ങനാശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. 31 വരെയാണ് റിമാന്‍ഡ് കാലാവധി. ഇതോടെ മുഴുവന്‍ പ്രതികളും റിമാന്‍ഡില്‍ ആയി.
കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന നെയ്യാറ്റിന്‍കര കുളത്തുര്‍ ചാക്കച്ചിവിളകം എസ്. മനു, കണിയന്നൂര്‍ ആമ്പല്ലൂര്‍ കാരടിപറമ്പില്‍ ശരണ്‍, ചാലക്കുടി ആളൂര്‍ തെക്കനേടത്ത് റെയ്‌സണ്‍, മുളന്തുരുത്തി കുഴലിക്കാട്ടില്‍ ജെറിന്‍, പീരുമേട് പുത്തന്‍പുരയ്ക്കല്‍ ജയപ്രകാശ്, പ്രവീണ്‍.പി എന്നിവരെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ രണ്ടിനു കോളജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങിനു വിധേയരായതായി പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷൈജു ഡി.ഗോപി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.
റാഗിങിനെ തുടര്‍ന്ന് വൃക്ക തകരാറിലായ അവിനാഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും:
മന്ത്രി എ.കെ ബാലന്‍
തൃശൂര്‍: കോട്ടയം നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ റാഗിങിനിരയായി ചികിത്സയില്‍ കഴിയുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ചികിത്സാ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു.
റാഗിങിനെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശി അവിനാഷിനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സാ ചെലവിന് പുറമെ സാമ്പത്തിക സഹായവും സര്‍ക്കാര്‍ അനുവദിക്കും. പഠനം തുടരാനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്ത് കൊടുക്കും.
ഗൗരവമുള്ള കുറ്റകൃത്യമായതിനാല്‍ റാഗിങ് വിരുദ്ധ നിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും.
കോളജ് അധികൃതര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."