മുത്വലാഖ്: മുസ്ലിം സ്ത്രീകളുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് കാരാട്ട്
കണ്ണൂര്‍: മുത്വലാഖിനെതിരേ സുപ്രിംകോടതിയെ സമീപിച്ച മുസ്ലിം സ്ത്രീകളുടെ ആവശ്യത്തെ പാര്‍ട്ടി പിന്തുണയ്ക്കുമെന്നു സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ മുത്വലാഖ് നിയമവിരുദ്ധമാണെന്നാണു പാര്‍ട്ടി നിലപാട്.
ഒറ്റയടിക്കു മുത്വലാഖ് ചൊല്ലുന്നതു മുസ്ലിം ശരീഅത്ത് നിയമത്തില്‍ തന്നെ അംഗീകരിക്കുന്നില്ല. മുസ്ലിം സമുദായത്തിലെ ഭൂരിഭാഗവും ഇതിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. 'ഏകീകൃത സിവില്‍കോഡും ഇടതുപക്ഷവും' എന്ന വിഷയത്തില്‍ ന്യൂനപക്ഷ സാംസ്കാരിക കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
ഏക സിവില്‍കോഡും മുത്വലാഖും കൂട്ടിക്കുഴയ്ക്കുന്ന ബി.ജെ.പി നിലപാട് വര്‍ഗീയത മാത്രം ലക്ഷ്യംവച്ചുള്ളതാണ്. ഏക സിവല്കോഡിനെ കുറിച്ചുള്ള നിയമകമ്മിഷനില് രണ്ട് ആര്.എസ്.എസ് അംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ തിരുകിക്കയറ്റിയിട്ടുണ്ട്. അതിനുള്ള ചോദ്യാവലികളാണു നിയമ കമ്മിഷന് തയാറാക്കിയത്. ഇതിനെതിരായി സി.പി.എമ്മിന്റെ നിലപാടുകള്‍ അടുത്തദിവസം കമ്മിഷനെ അറിയിക്കുമെന്ന് കാരാട്ട് വ്യക്തമാക്കി.
എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. ഡോ.ഹുസൈന് രണ്ടത്താണി, പി ജയരാജന്, ഡോ. ഖദീജ മുംതാസ്, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, സഹീദ് റൂമി, എം ഷാജര്‍, കാത്താണ്ടി റസാഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."